സ്വന്തം ലേഖകൻ

മലപ്പുറം: കൊച്ചി സ്റ്റേഡിയത്തിനൊപ്പം മഞ്ചേരി പയ്യനാട് സ്റ്റേഡിയവും അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള മികച്ച വേദിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. സ്റ്റേഡിയത്തിലേയും സ്പോർട്സ് കോംപ്ലക്സിലേയും പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. കൊച്ചി സ്റ്റേഡിയത്തിനൊപ്പം പയ്യനാട് സ്റ്റേഡിയവും അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള മികച്ച വേദിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അഖിലേന്ത്യാ ഫുഡ്ബോൾ ഫെഡറേഷനുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

സ്പോർട്സ് കോംപ്ലക്സിൽ വിഭാവനം ചെയ്ത മുഴുവൻ സംവിധാനങ്ങളും പ്രാവർത്തികമാക്കും. സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂൾ, ഹോക്കി കോർട്ട് തുടങ്ങിയ പദ്ധതികൾ കിഫ്ബി ബോർഡിന്റെ പരിഗണനയിലാണ്. ഇത് വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം കുറയുകയും വാക്സിനേഷൻ പൂർത്തിയാകുകയും ചെയ്യുന്നതോടെ സ്റ്റേഡിയങ്ങൾ മത്സരങ്ങൾക്കായി തുറന്നു കൊടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തെ സ്റ്റേഡിയങ്ങളുടെ പരിപാലനം യഥാസമയം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ഇതിനായി സർക്കാറിനു കീഴിൽ രൂപീകരിക്കുന്ന സ്പോർട്സ് കേരള ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തും. അടുത്ത മാസം സ്പോർട്സ് കേരള ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കും. കായിക വകുപ്പിനു കീഴിലുള്ള സ്റ്റേഡിയങ്ങളുടേയും ജില്ലാ സ്പോർട്സ് കൗൺസിലുകൾ നിർദേശിക്കുന്ന സ്റ്റേഡിയങ്ങളുടേയും മികച്ച നിലവാരം കൃത്യമായ പരിചരണത്തിലൂടെ ഉറപ്പു വരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. യുഎ ലത്തീഫ് എംഎൽഎ, നഗരസഭാധ്യക്ഷ വിഎം സുബൈദ, കൗൺസിലർമാരായ പി അബ്ദുറഹീം, സമീന ടീച്ചർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ, സെക്രട്ടറി മുരുകൻ രാജ്, വൈസ് പ്രസിഡന്റ് വി പി അനിൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ മനോഹരകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഋഷികേശ് കുമാർ, സി സുരേഷ്, കെ എ നാസർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. പി എം സുധീർ കുമാർ തുടങ്ങിയവർ പങ്കെടുത്തു.


LEAVE A REPLY

Please enter your comment!
Please enter your name here