എറണാകുളം: ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ തിളക്കവുമായി  നാട്ടിലെത്തിയ ഇന്ത്യൻ ഹോക്കി താരം പി.  ആർ ശ്രീജേഷിന് ജന്മനാട്ടിൽ ആവേശ്വോജ്ജല  സ്വീകരണം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ കായിക താരത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30ന് ആഭ്യന്തര ടെർമിനൽ എത്തിയ കായികതാരത്തെ സ്വീകരിക്കാൻ

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ,  പി.വി ശ്രീനിജൻ  എം.എൽ.എ, ജില്ലാ കളക്ടർ ജാഫർ മലിക്ക്, എന്നിവരും സന്നിഹിതരായിരുന്നു. അൻവർ സാദത്ത് എംഎൽഎ,  മുൻ എം.എൽ.എ വി. പി സജീന്ദ്രൻ എന്നിവരും ശ്രീജേഷിനെ അനുമോദിച്ചു. താരത്തെ വരവേൽക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം എത്തിയിരുന്നു. മാതാപിതാക്കളായ പി.വി രവീന്ദ്രൻ, ഉഷാകുമാരി, ഭാര്യ ഡോ. പി.കെ അനീഷ്യ

മകളായ അനുശ്രീ, ശ്രീഅൻഷ് എന്നിവരും അഭിമാന നിമിഷങ്ങളിൽ പങ്കാളികളായി. കുടുംബത്തെ ആശ്ലേഷിച്ച താരം ഒളിമ്പിക്സ് മെഡൽ തന്റെ പിതാവിനെ അണിയിച്ചു. വൈകാരിക നിമിഷങ്ങളിൽ പിതാവ് തിരികെ മെഡൽ ശ്രീജേഷിന്റെ കഴുത്തിൽ അണിയിച്ചു.      വിമാനത്താവളത്തിന് പുറത്ത് കായിക പ്രേമികളും കായിക താരങ്ങളും വിവിധ കായിക സംഘടനാ ഭാരവാഹികളും ഉൾപ്പെടെയുള്ള പുരുഷാരം ആവേശ്വോജ്ജല  സ്വീകരണമാണ് നൽകിയത്. സംസ്ഥാന ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ ജില്ലകളിൽ നിന്നുമുള്ള ഹോക്കി കായിക താരങ്ങൾ എന്നിവർ താരത്തിന് ഉജ്ജ്വല വരവേൽപ്പ് നൽകി. പിന്നീട് പോലീസ് അകമ്പടിയോടെ സംസ്ഥാന സർക്കാർ ഒരുക്കിയ തുറന്ന വാഹനത്തിൽ കായികതാരം ജന്മനാടായ കിഴക്കമ്പലത്തേക്ക് യാത്രതിരിച്ചു. വടുവരെ വൻ സ്വീകരണമാണ് ശ്രിജേഷിന് ലഭിച്ചത്. വഴിയോരങ്ങളിൽ കാത്തുനിന്ന കായിക പ്രേമികൾ പടക്കം പൊട്ടിച്ചും മറ്റും ആഘോഷത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here