ലോഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലോഡ്‌സ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യ 298 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റോറി ജോസഫ് ബേണ്‍സിനെ നഷ്ടമായി. നാല് പന്ത് നേരിട്ട ബേണ്‍സ് പൂജ്യനായിട്ടാണ് കൂടാരം കയറിയത്. തൊട്ടടുത്ത ഓവറില്‍ ഡോം സിബ്ലിയെയും ഷമി പൂജ്യനാക്കി മടക്കി. ആദ്യ രണ്ട് ഓവറിലേല്‍പ്പിച്ച ആഘാതം മുതലെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞാല്‍ ലോഡ്‌സില്‍ ചരിത്ര വിജയം പിറക്കും. ഇനി 58 ഓവറാണ് ഇന്നിംഗ്‌സില്‍ ബാക്കിയുള്ളത്.

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ 14 റണ്‍സുമായി റിഷഭ് പന്തും നാലു റണ്‍സുമായി ഇഷാന്ത് ശര്‍മയുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് ക്രീസില്‍ ഉണ്ടായിരുന്നത്. എല്ലാ പ്രതീക്ഷകളും പന്തിലായിരുന്നെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ താരം മടങ്ങിയതോടെ ഇന്ത്യ നിരുപാധികം കീഴടങ്ങുകയാണെന്നു തോന്നിപ്പിച്ചു. തൊട്ടുപിന്നാലെ ഇഷാന്തും മടങ്ങിയതോടെ 200-ല്‍ താഴെ ഇന്ത്യയെ ഒതുക്കാനായിരുന്നു ഇംഗ്ലീഷ് മോഹങ്ങള്‍. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ ബുംറയും ഷമിയും ഒത്തുചേര്‍ന്നതോടെ ഇംഗ്ലീഷ് പ്രതീക്ഷകള്‍ എല്ലാം പൊലിഞ്ഞു. ഇരുവരും ചേര്‍ന്ന് 74 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

70 പന്ത് നേരിട്ട മുഹമ്മദ് ഷമി മിന്നും അര്‍ധസെഞ്ച്വറി(56) നേടി. ഒരു സിക്‌സും അഞ്ച് ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു ഷമിയുടെ മാജിക്കല്‍ ഇന്നിംഗ്‌സ്. മറുവശത്ത് ജസ്പ്രീത് ബുമ്ര 58 പന്തില്‍ മൂന്ന് ഫോറുള്‍പ്പെടെ 34 റണ്‍സെടുത്തു. മുന്‍നിരയില്‍ അഞ്ച് ബാറ്റ്‌സ്മാന്മാര്‍ 25 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടില്ലെന്ന് ഇവിടെ പ്രത്യേകം ഓര്‍ക്കണം. കളി തീരാന്‍ പകുതി ദിനം ബാക്കിയുള്ളപ്പോള്‍ ഇംഗ്ലണ്ടിന് വിജയിക്കണമെങ്കില്‍ ഏകദിന ശൈലിയില്‍ കളിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ അത്തരത്തിലൊരു പോരാട്ടം പുറത്തെടുക്കുക സാധ്യമല്ല. മത്സരം സമനിലയിലാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 391 റണ്‍സും ഇന്ത്യ 364 റണ്‍സും നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here