കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ താലിബാന്റെ മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും. യു.എൻ സുരക്ഷാ കൗൺസിലിലാണ് ഇരുരാജ്യങ്ങളും നിലപാട് പ്രഖ്യാപിച്ചത്

മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്‌ഗാൻ ജനത അന്തസോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്‌ഗാന്റെ അയൽരാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യർത്ഥിച്ചു. താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി.

അഫ്‌ഗാനിസ്ഥാനിൽ മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു. അഫ്ഗാൻ വിഷയം ഐക്യരാഷ്ട്ര രക്ഷാസമിതി ചർച്ച ചെയ്യുകയാണ്. ഇന്ത്യയുടെ യു.എൻ പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്. താലിബാൻ ധാരണ പാലിച്ചില്ലെന്ന് യുഎന്നിലെ അഫ്ഗാൻ അംബാസഡർ യോഗത്തിൽ പറഞ്ഞു.

അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചെങ്കിലും മറ്റ് അറുപതോളം രാഷ്ട്രങ്ങളുടെ പൗരന്മാർ ഇപ്പോഴും കാബൂളിൽ ഉണ്ട്.അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാൻ ഇനി ഇസ്‌ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞു. വിദേശികളെ ആക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നുമാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here