മുംബയ്: ഐ സി സി ടി ട്വന്റി ലോകകപ്പിനു ശേഷം വിരാട് കൊഹ്ലി ഏകദിന – ടി ട്വന്റി ടീമുകളുടെ ക്യാപ്ടൻ സ്ഥാനം ഒഴിയാൻ സാദ്ധ്യത. എന്നാൽ ടെസ്റ്റ് ക്യാപ്ടനായി കൊഹ്ലി തന്നെ തുടരും. ടെസ്റ്റിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് കൊഹ്ലി ഏകദിന – ടി ട്വന്റി ടീമുകളുടെ നായകസ്ഥാനത്തു നിന്നും ഒഴിയുന്നത്. കൊഹ്ലിക്കു പകരം രോഹിത്ത് ശർമ്മ ഈ ടീമുകളുടെ നായകസ്ഥാനം ഏറ്റെടുക്കാനാണ് കൂടുതൽ സാദ്ധ്യത. നായകനായിരുന്ന കാലഘട്ടത്തിൽ രോഹിത്തിന്റെ ബാറ്റിംഗും വളരെയേറെ മെച്ചപ്പെട്ടിരുന്നുവെന്ന കാര്യം കൂടി പരിഗണിച്ചാണ് ബി സി സി ഐ രോഹിത്തിനെ ഏകദിന – ടി ട്വന്റി ടീമുകളുടെ നായകനാകാൻ പദ്ധതിയിടുന്നതെന്ന് കരുതുന്നു.

കൊഹ്ലി തന്നെയാണ് നായകസ്ഥാനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചതെന്നും കുറച്ചു കാലമായി കൊഹ്ലി രോഹിത്തുമായി ഇതിനെകുറിച്ച് സംസാരിക്കുന്നുണ്ടെന്നും ഒരു ബി സി സി ഐ ഉദ്യോഗസ്ഥൻ പറഞ്ഞു. നായകസ്ഥാനം മാറുന്ന വിവരം കൊഹ്ലി തന്നെ പ്രഖ്യാപിക്കുമെന്നും ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് കൊഹ്ലി ഇത്തരമൊരു തീരുമാനം എടുത്തതെന്നും കൊഹ്ലിയുമായി അടുത്ത ബന്ധമുള്ള ഒരു ടീമംഗം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

മൂന്ന് ടീമുകളുടേയും നായകസ്ഥാനം വഹിക്കുന്നത് കൊഹ്ലിയുടെ മേൽ അമിത സമ്മർദത്തിനു കാരണമാകുന്നുണ്ടെന്നും അത് അദ്ദേഹത്തിന്റെ ബാറ്റിംഗിനേയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധർകുറച്ചു കാലമായി ചൂണ്ടികാണിക്കുന്നുണ്ട്. അടുത്ത് വരുന്ന രണ്ട് ലോകകപ്പിലും തന്റെ ബാറ്റിംഗ് മികവ് ടീമിന് അത്യാവശ്യമായി വരും എന്ന് കണക്കുകൂട്ടലിലാണ് കൊഹ്ലി ഇത്തരമൊരു തീരുമാനം എടുത്തതെന്നും കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here