മുംബയ്: ന്യൂസിലാൻഡിനെതിരായ ടി ട്വന്റി പരമ്പരയിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും. കെ എൽ രാഹുലാണ് വൈസ് ക്യാപ്ടൻ. സ്ഥാനമൊഴിയുന്ന നായകൻ വിരാട് കൊഹ്‌ലിക്കു പകരമായാണ് രോഹിത് ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കുന്നത്. ടീമിൽ കൊഹ്‌ലിയെ ഉൾപ്പെടുത്തിയിട്ടില്ല. കൊഹ്‌ലിക്ക് വിശ്രമം നൽകിയേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ടി ട്വന്റി പരമ്പരയ്ക്കു ശേഷം നടക്കുന്ന ഒന്നാം ടെസ്റ്റിൽ നിന്നും കൊഹ്‌ലി വിശ്രമം ആവശ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഒന്നാം ടെസ്റ്റിലും ഒരുപക്ഷേ രോഹിത് ശർമ്മയായിരിക്കും ഇന്ത്യയെ നയിക്കുക. നവംബർ 17, 19, 21 തീയതികളിലാണ് ടി ട്വന്റി മത്സരങ്ങൾ നടക്കുക. ജയ്പൂർ, റാഞ്ചി, കൊൽക്കത്ത എന്നിവിടങ്ങളിൽ വച്ചാകും മത്സരങ്ങൾ.

ഇതിനു പുറമേ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ‘എ’ ടീമിനെയും സെലക്ടർമാർ പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ പ്രിയങ്ക് പഞ്ചൽ ആണ് നായകൻ. ദക്ഷിണാഫ്രിക്കയുടെ ‘എ’ ടീമുമായി നാലു ദിവസം നീണ്ടു നിൽക്കുന്ന മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യ കളിക്കുക. നവംബർ 23, 29, ഡിസംബർ 6 തീയതികളിലാണ് മത്സരം. എല്ലാ മത്സരങ്ങളും ബ്ലൂംഫൊണ്ടേയ്നിൽ വച്ചായിരിക്കും നടക്കുക.

 

ടീം: ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്ടൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്ടൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, അക്‌സർ പട്ടേൽ, ആവേഷ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, മൊഹമ്മദ് സിറാജ്.

ഇന്ത്യ എ: പ്രിയങ്ക് പഞ്ചാൽ (ക്യാപ്ടൻ), പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ദേവ്ദത്ത് പടിക്കൽ, സർഫറാസ് ഖാൻ, ബാബ അപരാജിത്ത്, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പർ), കെ ഗൗതം, രാഹുൽ ചാഹർ, സൗരഭ് കുമാർ, നവ്ദീപ് സെയ്നി, ഉംറാൻ മാലിക്, ഇഷാൻ പോരെൽ, അർസാൻ നഗ്വസ്വെല്ല

LEAVE A REPLY

Please enter your comment!
Please enter your name here