മുംബയ്: ഇന്ത്യയുടെ ഏകദിന ക്യാപ്ടനായി രോഹിത് ശർമ്മയെ നിയമിച്ചു. വിരാട് കോഹ്‌ലി സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ടി ട്വന്റി ക്യാപ്ടൻ കൂടിയായ രോഹിത് ശർമ്മയെ നിയമിച്ചിരിക്കുന്നത്. ഇന്ന് മുംബയിൽ ചേർന്ന സീനിയർ ടീം സെലക്ഷൻ കമ്മിറ്റിയാണ് രോഹിതിനെ ഏകദിന ക്യാപ്ടനായി നിയമിക്കാനുള്ള തീരുമാനം ഔദ്യോഗികമായി എടുത്തത്. ഇതിന് പുറമേ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്ടനായും രോഹിത്തിനെ നിയമിച്ചിട്ടുണ്ട്. കുറച്ചു കാലമായി മോശം ഫോമിൽ തുടരുന്ന അജിങ്ക്യ രഹാനെയ്ക്കു പകരമായാണ് രോഹിത്തിനെ വൈസ് ക്യാപ്ടനായി നിയമിച്ചിരിക്കുന്നത്. ഇതോടെ വരുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ രഹാനെ ഉണ്ടാകുമോ എന്ന കാര്യവും സംശയത്തിന്റെ നിഴലിലാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം കൊഹ്‌ലി ഏകദിന – ടി ട്വന്റി ക്യാപ്ടൻ സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അന്ന് മുതൽ രോഹിത് ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിനുള്ള നായകനായി എത്തുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലെ ഉപനായക സ്ഥാനവും രോഹിത്തിന്റെ ചുമലിൽ എത്തിച്ചേരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ന്യൂസിലാൻഡിനെതിരായ ടി ട്വന്റി പരമ്പര മുതലാണ് രോഹിത് ഇന്ത്യയുടെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്തത്. ആദ്യ ടെസ്റ്റിൽ അജിങ്ക്യ രഹാനെയും മുംബയിൽ നടന്ന രണ്ടാം ടെസ്റ്റിൽ വിരാട് കൊഹ്‌ലിയുമാണ് ഇന്ത്യയെ നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here