മാഡ്രിഡ്‌: അര്‍ജന്റീനയുടെയും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെയും ഇതിഹാസ താരമായ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍നിന്നു വിരമിച്ചു. സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയുടെ താരമായിരിക്കേയാണു വിരമിക്കല്‍ പ്രഖ്യാപിച്ചത്‌.
ന്യൂക്യാമ്പില്‍ നടത്തിയ പത്ര സമ്മേളനത്തിലാണു താരം ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്‌. അലാവസിനെതിരേ ഒക്‌ടോബറില്‍ നടന്ന മത്സരത്തിനിടെ അഗ്യൂറോയ്‌ക്കു നെഞ്ചു വേദന അനുഭവപ്പെടുകയും പിന്നാലെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതുമാണു വിരമിക്കാന്‍ കാരണം. ഫുട്‌ബോള്‍ കളിക്കാതിരിക്കുകയാണു നല്ലതെന്ന ഡോക്‌ടര്‍മാരുടെ വാക്കുകള്‍ കണക്കിലെടുക്കുകയാണെന്നു 33 വയസുകാരനായ അഗ്യൂറോ പറഞ്ഞു. സ്‌പെയിനിലെ തന്നെ അത്‌ലറ്റിക്കോ മാഡ്രിഡിനു വേണ്ടി കളിച്ചാണു കരിയര്‍ തുടങ്ങിയത്‌. അവര്‍ക്കു വേണ്ടി 234 മത്സരങ്ങളില്‍നിന്നു 102 ഗോളുകളടിച്ചു. സിറ്റിയുടെ എക്കാലത്തേയും മികച്ച താരമായ അഗ്യൂറോ 390 കളികളില്‍നിന്ന്‌ 260 ഗോളുകളാണടിച്ചത്‌.
ലീഗിലെ ഗോള്‍ വേട്ടക്കാരില്‍ നാലാമനാണ്‌. അലന്‍ ഷിയറര്‍ (260), വെയ്‌ന്‍ റൂണി (208), ആന്‍ഡ്രൂ കോളി (187) എന്നിവര്‍ക്കു പിന്നിലാണ്‌ അഗ്യൂറോ (275 മത്സരങ്ങളില്‍നിന്നു 184 ഗോളുകള്‍). പ്രീമിയര്‍ ലീഗിലെ ഗോള്‍ വേട്ടക്കാരായ വിദേശ താരങ്ങള്‍ ഒന്നാമനുമാണ്‌. ഫ്രഞ്ച്‌ ഇതിഹാസം തിയറി ഹെന്റിയെയാണ്‌ (175) അഗ്യൂറോ മറികടന്നത്‌. ബാഴ്‌സലോണയ്‌ക്കു വേണ്ടി അഞ്ച്‌ കളികളില്‍നിന്ന്‌ ഒരു ഗോളടിച്ചു. അര്‍ജന്റീനയ്‌ക്കു വേണ്ടി 101 മത്സരങ്ങളിലായി 41 ഗോളുകളടിച്ചു. ആദ്യ ക്ലബ്‌ ഇന്‍ഡിപെന്‍ഡിന്റെയ്‌ക്കു വേണ്ടി 56 കളികളിലായി 23 ഗോളുകളടിച്ചു. ഇതിഹാസ താരം അന്തരിച്ച ഡീഗോ മാറഡോണയുടെ മകള്‍ ജിയാനിനയാണ്‌ അഗ്യൂറോയുടെ ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here