ചെന്നൈ: ഇത്തവണത്തെ ഐപിഎല്‍ മെഗാ താര ലേലം പൂര്‍ത്തിയായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ ശ്രദ്ധനേടിയത് മധ്യനിര താരം റെയ്‌നയുടെ അഭാവമായിരുന്നു. ലേലത്തില്‍ രണ്ടു ദിവസവും റെയ്‌നയ്ക്ക് വേണ്ടി ഒരു ടീമും രംഗത്ത് വന്നില്ല. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് റെയ്‌നയെ ഒരു ഫ്രാഞ്ചൈസിയും ലേലത്തിലെടുക്കാതിരിക്കുന്നത്.

തങ്ങളുടെ ചിന്നത്തലയെ ടീമിലെടുക്കാത്തതിന് മാനേജ്‌മെന്റിനെതിരെ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ വിമര്‍ശനമുന്നയിച്ച് രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ റെയ്‌നയെ എന്തുകൊണ്ട് ടീമിലെടുത്തില്ല എന്ന് വ്യക്തമാക്കി. സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

റെയ്‌നയെ തങ്ങളുടെ ടീം മിസ് ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം നിലവിലെ ടീമിന്റെ ഘടനയ്ക്ക് റെയ്‌ന യോജിക്കില്ലെന്ന കാരണത്താലാണ് ടീമിലെടുക്കാതിരുന്നതെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടീമിനായി സ്ഥിരതയോടെ കളിക്കുന്ന റെയ്‌നയെ ടീമിലെടുക്കാന്‍ സാധിക്കാതിരുന്നത് ഏറെ പ്രയാസമേറിയ കാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

” കഴിഞ്ഞ 12 വര്‍ഷമായി സിഎസ്‌കെയിക്കായി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവരില്‍ ഒരാളാണ് റെയ്‌ന. അദ്ദേഹത്തെ ടീമിലെടുക്കാന്‍ സാധിക്കാതിരിക്കുന്നത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ അതേസമയം തന്നെ നിങ്ങള്‍ മനസിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്, ഒരു ടീം രൂപീകരണം അതില്‍ ഉള്‍ക്കൊളളുന്ന താരങ്ങളുടെ ഫോമിനെ ആശ്രയിച്ചിരിക്കും. ഒരു ടീം ആഗ്രഹിക്കുന്ന രൂപത്തിന് ഇത് പ്രധാനമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ റെയ്‌ന നിലവിലെ ടീമിന് ചേരുന്നതരത്തിലുളള ഒരാളല്ല ” – കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ ചരിത്രത്തില്‍ തന്നെ മികച്ച റെക്കോഡുളള താരമാണ് റെയ്‌ന. ഐപിഎല്ലില്‍ 204 മത്സരങ്ങളില്‍ 5528 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. ഐപിഎല്ലില്‍ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് റെയ്‌നയുടെ സ്ഥാനം.

LEAVE A REPLY

Please enter your comment!
Please enter your name here