മൊഹാലി: ശ്രീലങ്കയ്ക്കെതിരായ 175 റൺസിന്റെ സെഞ്ചുറി പ്രകടനത്തിിലൂടെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ തകർത്തത് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ 35 വർഷം പഴക്കമുള്ള റെക്കാഡ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏഴാം സ്ഥാനത്തിനോ അതിന് താഴെയോ ബാറ്റിംഗിനെത്തുന്ന ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കാഡാണ് ജഡേജ ഇന്നത്തെ പ്രകടനത്തിലൂടെ മറികടന്നത്. 1986ൽ കാൻപൂരിൽ നടന്ന ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ തന്നെയായിരുന്നു കപിലിന്റെയും പ്രകടനം. 163 റൺസായിരുന്നു അന്ന് അദ്ദേഹം നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏഴാം നമ്പറിൽ ഇറങ്ങിയ ശേഷം 150ന് മുകളിൽ റൺസ് നേടുന്ന് മൂന്നാമത്തെ ഇന്ത്യൻ താരം മാത്രമാണ് രവീന്ദ്ര ജഡേജ. 2019ൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ റിഷഭ് പന്താണ് ഇതിന് മുമ്പ് ഏഴാം നമ്പറിൽ ഇറങ്ങിയ ശേഷം 150ന് മുകളിൽ റൺസ് നേടുന്നത്. സിഡ്നി ടെസ്റ്റിൽ അന്ന് 159 റൺസായിരുന്നു പന്ത് ഇന്ത്യക്കു വേണ്ടി അടിച്ചത്. ഇവരെ മൂന്ന് പേരെ കൂടാതെ ഏഴാം നമ്പറിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴചവച്ച് മറ്റൊരു താരം മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്ര സിംഗ് ധോണിയാണ്. 2011ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ 144 റൺസാണ് ധോണിയുടെ ഏഴാം നമ്പറിലുള്ള മികച്ച പ്രകടനം.

തന്റെ കരിയറിൽ രണ്ടാം സെഞ്ചുറി നേടി 175 റൺസോടെ രവീന്ദ്ര ജഡേജയാണ് കൂറ്റൻ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 228 പന്തുകളിൽ നിന്ന് 17 ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമടങ്ങിയതാണ് ജഡേജയുടെ ഇന്നിംഗ്സ്. ജഡേജയോടൊപ്പം 34 പന്തുകളിൽ 20 റൺസുമായി മുഹമ്മദ് ഷമിയും പുറത്താകാതെ നിന്നു. ഒൻപതാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 129 ഓവറുകളിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 574 റൺസ് എന്ന നിലയിൽ ഇന്ത്യ ഡിക്ളയർ ചെയ്യുകയായിരുന്നു.

ആദ്യദിനം ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരെല്ലാം മികച്ച രീതിയിൽ കളിച്ചു. അത്യുഗ്രൻ ഷോട്ടുകളുമായി 97 പന്തിൽ 96 റൺസ് നേടി ഋഷഭ് പന്ത്, ഹനുമ വിഹാരി(58) എന്നിവർ അർദ്ധസെഞ്ചുറി നേടി. നൂറാം ടെസ്‌റ്റിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെ മുൻ നായകൻ കൊഹ്‌ലി(45) പുറത്തായി. എന്നാൽ ടെസ്‌റ്റിൽ 8000 റൺസ് പൂർത്തിയാക്കിയാണ് കൊഹ്‌ലി പുറത്തായത്. രണ്ടാംദിനം അശ്വിൻ ജഡേജയ്‌ക്ക് മികച്ച പിന്തുണ നൽകി. 82 പന്തുകളിൽ 61 റൺസാണ് അശ്വിൻ നേടിയത്. രണ്ടാംദിനം മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്‌ക്ക് 100 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്‌ടമായി. നായകൻ കരുണരത്നെ(28), ഓപ്പണർ തിരിമന്നെ(17), എയ്‌ഞ്ജലോ മാത്യൂസ്(22) എന്നിവരാണ് പുറത്തായത്.

കരുണരത്നെയെ ജഡേജയും തിരിമന്നെയെ അശ്വിനും പുറത്താക്കിയപ്പോൾ ബുമ്‌റയുടെ പന്തിൽ വിക്കറ്റിന്‌മുന്നിൽ കുടുങ്ങിയാണ് മാത്യൂസ് പുറത്തായത്. പിന്നാലെ പിടിച്ചുനിൽക്കാനാകും മുൻപ് അശ്വിൻ, ധനഞ്ജയ ഡി സിൽവയെയും (1) പുറത്താക്കി. രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോൾ ശ്രീലങ്ക 43 ഓവറുകളിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 108 റൺസ് എന്ന നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here