ബംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്‌റ്റിൽ ആദ്യ ദിനം ശ്രീലങ്കൻ സ്‌പിൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര. ഒന്നാംദിനം തന്നെ 252 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഇന്ത്യയ്‌ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ടീം സ്‌കോർ 10ൽ നിൽക്കെ മയാങ്ക് അഗർവാൾ പുറത്ത്. കരുതലോടെ കളിക്കുകയായിരുന്ന നായകൻ രോഹിത് ശർമ്മ(15) വൈകാതെ പുറത്തായി. തുടർന്ന് മുൻ നായകൻ കൊഹ്‌ലിയും ഹനുമ വിഹാരിയും ചേർന്ന് ഇന്ത്യൻ സ്‌കോർബോർഡ് മെല്ലെ ചലിപ്പിച്ചു തുടങ്ങി.

എന്നാൽ കൂട്ടുകെട്ട് 50ലെത്തും മുൻപ് വിഹാരി(31) പുറത്തായി. പിന്നീട് പത്ത് റൺസ് ടീം സ്‌കോറിൽ ചേർക്കുന്നതിനിടെ കൊഹ്‌ലി(23) പവലിയനിലേക്ക് മടങ്ങി. പിന്നീട് ജഡേജയും പന്തും ചേർന്ന് നന്നായി മുന്നോട്ട്നീങ്ങവെ ആദ്യം പന്തും(39), പിന്നാലെ ജഡേജയും (4) ഔട്ടായി. അശ്വിന്റെ ചെറുത്തുനിൽപും(13) കുറച്ച്നേരമേ നിലനിന്നുള്ളു. അക്‌സർ പട്ടേൽ(9), ഷമി(5) വേഗം മടങ്ങി. ആറാമനായി ഇറങ്ങി ക്ഷമയോടെ ബാറ്റ് ചെയ്‌ത ശ്രേയസ് അയ്യർ അർദ്ധ സെഞ്ചുറി നേടി. പത്ത് ബൗണ്ടറികളും നാല് സിക്‌സറുമടക്കം 98 പന്തുകളിൽ 92 റൺസുമായി അയ്യർ പത്താമനായി പുറത്തായി. ശ്രീലങ്കയ്‌ക്ക് വേണ്ടി ലസിത് എമ്പുൽദേനിയ 94 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളും പ്രവീൺ ജയവിക്രമ 81 റൺസ് നൽകി മൂന്ന് വിക്കറ്റുകൾ ധനഞ്ജയ ഡി സിൽവ 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here