ഐപിഎല്ലിന്റെ 15ാം സീസണിലെ ആദ്യ സെഞ്ച്വറിക്കു പിറകെ ആദ്യത്തെ ഹാട്രിക്കും രാജസ്ഥാന്‍ റോയല്‍സ് തന്നെ തങ്ങളുടെ പേരില്‍ കുറിക്കുമായിരുന്നു. പക്ഷെ ടീമംഗം തന്നെ വില്ലനായി മാറിയതോടെ കൈയെത്തുംദൂരത്ത് ഹാട്രിക്ക് നഷ്ടമാവുകയായിരുന്നു. റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിലാണ് നിര്‍ഭാഗ്യം കാരണം ഹാട്രിക്ക് നഷ്ടമായത്. ഐപിഎല്‍ കരിയറില്‍ മുമ്പൊരിക്കലും അദ്ദേഹം ഈ നേട്ടം കൈവരിച്ചിട്ടുമില്ല.

പകരക്കാരനായി ഇറങ്ങിയ മറുനാടന്‍ മലയാളി താരം കരുണ്‍ നായരാണ് ചാഹലിനു ഹാട്രിക്ക് നിഷേധിച്ചത്. സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി ഗ്രൗണ്ടിലെത്തിയ അദ്ദേഹം വളരെ അനായാസമായ ക്യാച്ചാണ് ഫസ്റ്റ് സ്ലിപ്പില്‍ നഷ്ടപ്പെടുത്തിയത്.

ഞായറാഴ്ച നടന്ന ആദ്യത്തെ മല്‍സരത്തിലാണ് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും കൊമ്പുകോര്‍ത്തത്. 194 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു മുംബൈയ്ക്കു റോയല്‍സ് നല്‍കിയത്. മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍- തിലക് വര്‍മ സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നെങ്കിലും ചാഹല്‍ മധ്യ ഓവറുകളില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്തു. മികച്ച ലൈനിലും ലെങ്തിലും ബൗള്‍ ചെയ്ത അദ്ദേഹത്തിനെതിരേ റണ്ണെടുക്കാന്‍ മുംബൈ ബാറ്റര്‍മാര്‍ വിഷമിക്കുകയും ചെയ്തു.

16ാമത്തെ ഓവറിലായിരുന്നു യുസ്വേന്ദ്ര ചാഹല്‍ ഹാട്രിക്കിന്റെ തൊട്ടരികില്‍ വരെയെത്തിയത്. ആറു വിക്കറ്റ് ബാക്കിനില്‍ക്കെ മുംബൈയ്ക്കു ജയിക്കാന്‍ 30 ബോളില്‍ 58 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അപകടകാരികളായ കരെണ്‍ പൊള്ളാര്‍ഡും ടിം ഡേവിഡുമായിരുന്നു ക്രീസില്‍. മികച്ചൊരു ഓവര്‍ ലഭിച്ചാല്‍ മുംബൈയ്ക്കു വിജയമുറപ്പായിരുന്നു.

ഈ ഘട്ടത്തിലാണ് 16ാമത്തെ ഓവര്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ചാഹലിനു നല്‍കിയത്. ആദ്യ ബോളില്‍ തന്നെ വിക്കറ്റെടുത്ത് അദ്ദേഹം പ്രതീക്ഷ കാത്തു. ഡേവിഡിനെ ചാഹല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഡേവിഡ് റിവ്യു എടുത്തെങ്കിലും തേര്‍ഡ് അംപയറുടെയും തീരുമാനം ഔട്ട് എന്നുതന്നെയായിരുന്നു

പുതുതായി ക്രീസിലെത്തിയ ഡാനിയേല്‍ സംസാണ് അടുത്ത ബോള്‍ നേരിട്ടത്. വമ്പന്‍ ഷോട്ടിനാണ് സാംസ് മുതിര്‍ന്നത്. പക്ഷെ ടൈമിങ് പാളിയ ഷോട്ട് ജോസ് ബട്‌ലര്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെ കൈക്കലാക്കി. ഡീപ്പ് മിഡ് വിക്കറ്റ് ഏരിയയില്‍ വച്ചായിരുന്നു ബട്‌ലര്‍ ക്യാച്ചെടുത്തത്. ഇതോടെ ചാഹല്‍ ഹാട്രിക്കിനരികെ. അടുത്ത ബോള്‍ നേരിട്ടത് സ്പിന്നര്‍ മുരുഗന്‍ അശ്വിനായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച അശ്വിന്റെ ബാറ്റില്‍ ചെറുതായി എഡ്ജ് ചെയ്ത ബോള്‍ സ്ലിപ്പിലേക്കാണ് പോയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here