മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ മുംബൈ ഇന്ത്യൻസിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏഴു വിക്കറ്റ് ജയം. മുംബൈ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടന്നു. ഓപ്പണർ അനൂജ് റാവത്തിന്റെ അർധസെഞ്ചുറി മികവിലാണ് ബാംഗ്ലൂർ ടീം സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയത്. 47 പന്തുകള്‍ നേരിട്ട അനൂജ് റാവത്ത് 66 റൺസുമായാണു മടങ്ങിയത്. നാലു മത്സരങ്ങൾ കളിച്ച മുംബൈ ഇന്ത്യൻസ് നാലും തോറ്റു.

സ്കോർ 50 ൽ നിൽക്കെ 16 റൺസെടുത്ത ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയെ ജയ്ദേവ് ഉനദ്ഘട്ട് പുറത്താക്കി. തുടർന്ന് അനൂജ് റാവത്തും വിരാട് കോലിയും ചേർന്ന് ബാംഗ്ലൂരിനെ നൂറു കടത്തി. 38 പന്തുകളിൽനിന്ന് അനൂജ് അർധസെഞ്ചുറി പൂർത്തിയാക്കി. സ്കോർ 130 ൽ നിൽക്കെയാണ് ബാംഗ്ലൂരിന്റെ രണ്ടാം വിക്കറ്റ് വീഴ്ത്താൻ മുംബൈയ്ക്കു സാധിച്ചത്. അനൂജ് റാവത്തിനെ രമൺദീപ് സിങ് റണ്ണൗട്ടാക്കുകയായിരുന്നു. അർധസെഞ്ചുറിക്കരികെ നിൽക്കെ 48 റൺസിൽ കോലിയെ മുംബൈയുടെ യുവസ്പിന്നർ ഡെവാൾഡ് ബ്രെവിസ് എൽബിയിൽ കുടുക്കി. 

തുടർന്ന് ദിനേഷ് കാർത്തിക്കും (രണ്ട് പന്തിൽ ഏഴ്), ഗ്ലെൻ മാക്സ്‍വെല്ലും (രണ്ട് പന്തിൽ എട്ട്) ചേർന്നാണു ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. ജയത്തോടെ ബാംഗ്ലൂർ ആറു പോയിന്റുമായി പട്ടികയിൽ മൂന്നാമതെത്തി. മുംബൈ ഇന്ത്യൻസ് പോയിന്റൊന്നുമില്ലാതെ ഒൻപതാം സ്ഥാനത്താണ്.

രക്ഷകനായി സൂര്യ, 37 പന്തിൽ 68; മുംബൈ ആറിന് 151

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ‌ 151 റൺസെടുത്തു. സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറിയാണ് ബാറ്റിങ് തകർച്ചയിൽനിന്ന് മുംബൈയെ രക്ഷിച്ചത്. 37 പന്തുകൾ നേരിട്ട താരം 68 റൺസ് നേടി പുറത്താകാതെ നിന്നു. ആറു സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്.

മികച്ച തുടക്കമാണ് മുംബൈയ്ക്കു ലഭിച്ചത്. ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും 50 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. 15 പന്തുകള്‍ നേരിട്ട് രോഹിത് ശർമ 26 റണ്‍സെടുത്തു. ഹർഷൽ പട്ടേലിന്റെ പന്തിൽ ഹർഷൽ‌ തന്നെ ക്യാച്ചെടുത്താണു മുംബൈ ക്യാപ്റ്റനെ പുറത്താക്കിയത്. ഐപിഎല്ലിലെ രണ്ടാം മത്സരം കളിക്കുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന് എട്ട് റൺസ് മാത്രം നേടാനാണു സാധിച്ചത്. വനിന്ദു ഹസരംഗയുടെ പന്തിൽ എൽബി ആയി താരം മടങ്ങി.

28 പന്തുകളിൽനിന്ന് 26 റൺ‌സെടുത്ത് ഇഷാൻ കിഷൻ പുറത്തായി. മധ്യനിരയിൽ റണ്ണൊന്നുമെടുക്കാതെ തിലക് വർമയും കീറൺ പൊള്ളാർഡും പുറത്തായതും മുംബൈയ്ക്കു തിരിച്ചടിയായി. സൂര്യകുമാർ യാദവ് നടത്തിയ രക്ഷാപ്രവർത്തനമാണു പിന്നീട് മുംബൈ സ്കോര്‍ 100 കടത്തിയത്. 32 പന്തുകളിൽനിന്ന് സൂര്യകുമാർ യാദവ് അർധസെഞ്ചുറി നേടി. ആറു റൺസ് നേടിയ രമൺദീപ് സിങിനെ പുറത്താക്കി ഹർഷൽ പട്ടേൽ വിക്കറ്റു നേട്ടം രണ്ടാക്കി. പിന്നാലെയെത്തിയ ജയ്ദേവ് ഉനദ്ഘട്ടിനെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് മുംബൈ സ്കോർ 150 കടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here