ഫുട്‌ബോളിന് അവരുടെ മിശിഹായുടെ തിരുപ്പിറവി ദിനമാണിന്ന്. കാറ്റ് പോലുള്ള കവിത പോലുള്ള ഒരഞ്ചടി ഏഴിഞ്ചുകാരനെ അർജൻറീന ലോകത്തിന് സമ്മാനിച്ചതിൻറെ ആഘോഷദിനം. പറഞ്ഞ് പറഞ്ഞ് മുനയൊടിഞ്ഞ കഥയാണെങ്കിലും റൊസാരിയോക്കാരൻ ലയണൽ ആന്ദ്രേസ് മെസിയുടെ അതിജീവനക്കഥയ്ക്ക് ഇപ്പോഴും മൂർച്ഛയുണ്ട്.

നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയവൻ ഓടിതീർത്തത് എത്രയെത്ര മൈതാനങ്ങൾ? ചലനമുണ്ടാകില്ലെന്ന് പതിനൊന്നാം വയസിൽ തീർപ്പ് കൽപ്പിക്കപ്പെട്ട ഇടംകാലിൽ പിറന്നത് എത്രയെത്ര സുന്ദര ഗോളുകൾ മഴവില്ലെന്നും കവിതയെന്നും ഓമനപ്പേരിട്ട് വിളിച്ചത് എത്രയെത്ര കാഴ്ചകൾ

ഉയർത്തെഴുന്നേൽപ്പിൻറെ വർഷമായിരുന്നു ഫുട്‌ബോളിൻറെ മിശിഹായ്ക്ക് ഇക്കഴിഞ്ഞത്. കിരീട നഷ്ടത്തിൻറെ പേരിൽ കുരിശിലേറ്റിയ ദുരിത കാലം തീർന്ന വർഷം. സന്തോഷത്തിൻറെ മുന്തിരിക്കോപ്പയും ആഹ്ലാദത്തിൻറെ വൻകരകപ്പും എടുത്തുയർത്തിയ വർഷം. പൂർണതയില്ലാതെ മെസിക്കാലം തീരില്ലെന്ന് പ്രഖ്യാപിച്ച വർഷം.

ഇനി ഒന്ന് കൂടി ബാക്കിയുണ്ട്. പതിനെട്ട് കാരറ്റ് സ്വർണം പൂശിയ ഒരു കിരീടം കൂടി. ഡിസംബർ പതിനെട്ടിന് ഖത്തറിലെ ലുസൈൽ ഐകോണിക് സ്റ്റേഡിയത്തിൽ സ്വർണത്താടിയുള്ള പത്താംനമ്പറുകാരൻ തന്നെ ലോകകപ്പ് ഉയർത്തുമെന്ന് പ്രതീക്ഷിക്കാം. നീലനിറത്തിൽ ഒഴുകിയെത്തുന്നനോട് ഫുട്‌ബോൾ അന്ന് നീതി കാണിക്കട്ടെ നക്ഷത്രങ്ങളുടെ ഗ്യാലറിയിലിരുന്ന് മുൻഗാമി മറഡോണ ആർപ്പുവിളിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here