ബർമിംഗ്‌ഹാം: ഇംഗ്ളണ്ടിനോട് ആധികാരികമായ പരമ്പര വിജയം എന്ന ഇന്ത്യയുടെ സ്വപ്‌നം തകർത്ത് ജോ റൂട്ടും ജോണി ബെയർസ്‌ട്രോയും. അവസാനത്തെതും നിർണായകവുമായ എഡ്‌ജ്‌ബാസ്‌റ്റണിലെ അഞ്ചാം ടെസ്‌റ്റിൽ ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റ് വിജയം നേടി ഇംഗ്ളണ്ട് പരമ്പര 2-2ന് സമനിലയിൽ പിടിച്ചുനിർത്തി. മൂന്ന് മത്സരം വിജയിച്ച് 2007ന് ശേഷം ബ്രിട്ടീഷ് മണ്ണിൽ പരമ്പര നേടാനുള‌ള ടീം ഇന്ത്യയുടെ അവസരം തകർത്തതിനൊപ്പം 376 എന്ന വമ്പൻ ടോട്ടൽ പിന്തുടർന്ന് വിജയിച്ച് സ്വന്തം മണ്ണിൽ റെക്കാഡ് നേടാനും ഇംഗ്ളണ്ടിന് കഴിഞ്ഞു. 2001ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് നേടിയ വിജയമായിരുന്നു ഇതുവരെ അവരുടെ മികച്ച റെക്കാഡ്.

 

അഞ്ചാം ദിവസം മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 259 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ളണ്ടിന് ഇന്ത്യൻ ബൗളർമാരിൽ നിന്നും കാര്യമായ ഭീഷണികൾ ഒന്നുമുണ്ടായില്ല. 142 റൺസോടെ റൂട്ടും 114 റൺസോടെ ബെയർസ്‌ട്രോയും ഉറച്ചുനിന്ന് നായകൻ ബുംറയടക്കം ഇന്ത്യൻ ബൗളർമാരെ തുടർച്ചയായി പ്രഹരിച്ചു. നാലാംദിനം 109 റൺസിന് മൂന്ന് എന്ന നിലയിൽ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ടിൽ 269 റൺസ് അടിച്ചെടുത്തു.

 

സെഞ്ചുറി തികച്ച ശേഷം തുടർച്ചയായി ബൗണ്ടറികൾ പറത്തി റൂട്ട് ആക്രമണോത്സുക ബാറ്റിംഗ് ആണ് പുറത്തെടുത്തത്. ഒടുവിൽ സിറാജിനെ റിവേഴ്‌സ് സ്വീപ് ചെയ്‌ത് റൂട്ട് വിജയ റൺ നേടിയെടുത്തു. പരമ്പരയിലെ താരങ്ങളായി 737 റൺസ് നേടിയ ജോ റൂട്ടിനെയും 23 വിക്കറ്റുകൾ നേടിയ ബുംറയെയും തിരഞ്ഞെടുത്തു. മത്സരത്തിലെ താരം ബെയർസ്‌ട്രോയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here