മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. അതിനാൽ ഏഷ്യാ കപ്പിൽ പങ്കെടുക്കാനായി ഇന്ത്യൻ ടീമിനൊപ്പം അദ്ദേഹം ദുബായ്ക്ക് പോകില്ല. ചെറിയ ലക്ഷണങ്ങളുള്ള ദ്രാവിഡ് ബി.സി.സി.ഐയുടെ മെഡിക്കിൽ സംഘത്തിന്റെ നിരീക്ഷണത്തിൽ ഐസൊലേഷനിലാണ്.

അസിസ്റ്റന്റ് കോച്ച് പരസ് മാംബ്രെയ്ക്കാണ് പ്രധാന പരിശീലകന്റെ ചുമതല ഇപ്പോൾ നൽകിയിരിക്കുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാഡമി മേധാവി വി.വി.എസ് ലക്ഷ്‌മണിനെ പ്രധാന പരിശീലകനായി ടീമിനൊപ്പം എത്തിക്കാനുള്ള സാധ്യതയും ഉണ്ട്. ഹരാരയിൽ സിംബ്‌വ്‌വെയ്ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ലക്ഷ്മൺ ആയിരുന്നു. സാധാരണ നടത്താറുള്ള ടെസ്റ്റിലാണ് കഴിഞ്ഞ ദിവസം ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചത്. 27നാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. 28ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

അതേസമയം ദ്രാവിഡിന് കൊവിഡിന്റെ ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് ബി സി സി ഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു. പരസ് മാംബ്രെയെ താത്ക്കാലികമായി മാത്രമാണ് ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളതെന്നും ഏഷ്യാ കപ്പിൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ദ്രാവിഡിന് ടീമിനൊപ്പം ചേരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി സി സി ഐ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here