ക്രിക്കറ്റ് കമന്ററിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ നടത്തിയ ട്വീറ്റ് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലെയുടെ ജോലി കളഞ്ഞു. ട്വന്റി20 ലോകകപ്പ് നടന്ന അവസരത്തിൽ ബച്ചൻ ട്വിറ്ററിലൂടെ നടത്തിയ ഒരു പരാമർശമാണ് ഭോഗ്‌‌ലെയുടെ പണി കളഞ്ഞതെന്നാണ് സൂചന. ഇന്ത്യൻ ക്രിക്കറ്റ് കമന്റേറ്റർമാർ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതാണ് അഭികാമ്യം എന്നു സൂചിപ്പിക്കുന്നതായിരുന്നു ബിഗ്ബിയുടെ കമന്റ്.

ഇതിന് പിന്നാലെ‍, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) കമന്റേറ്റർ പാനലിൽ നിന്നും ഹർഷ ഭോഗ്‌ലെയെ ഒഴിവാക്കിയതാണ് വിവാദമായത്. കഴിഞ്ഞ ദിവസം ആരംഭിച്ച ഐപിഎൽ ഒൻപതാം സീസണിൽ കമന്റേറ്ററാകാനുള്ള അവസരം ഇതോടെ ഹര്‍‌ഷ ഭോഗ്‌ലെയ്ക്ക് നഷ്ടമാകുകയും ചെയ്തു.

വിവാദങ്ങൾക്ക് തുടക്കമിട്ട ബച്ചന്റെ ട്വീറ്റ് ഇങ്ങനെ:

എല്ലാവിധ ബഹുമാനത്തോടും കൂടി പറയട്ടെ, മറ്റു താരങ്ങളെക്കുറിച്ച് വാചാലരാകുന്നതിനേക്കാൾ ഇന്ത്യൻ കമന്റേറ്റർമാർ ഇന്ത്യൻ താരങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ് നല്ലത്.

ബച്ചൻ ഉദ്ദേശിച്ചത് മുൻ ഇന്ത്യൻ താരങ്ങൾ കൂടിയായ സുനിൽ ഗവാസ്കറിനെയാണെന്നും, അല്ല, സഞ്ജയ് മഞ്ജരേക്കറിനെയാണെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഇതോടെ ഇവരെ രണ്ടുമല്ല താൻ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കി ബച്ചൻ തന്നെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഹർഷ ഭോഗ്‌ലെയെ കമന്റേറ്റർ പാനലിൽ നിന്ന് ബിസിസിഐ ഒഴിവാക്കിയത്. ബച്ചന്റെ ട്വീറ്റ് കൂടുതലൊന്നും പറയാനില്ലെന്ന കുറിപ്പോടെ ഇന്ത്യൻ ടീം നായകൻ മഹേന്ദ്ര സിങ് ധോണി റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും, ഹർഷ ഭോഗ്‌ലെയെ കമന്റേറ്ററായി തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സോഷ്യൽ മിഡിയയിൽ ശക്തമായ പ്രചാരണമാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here