ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഉദ്ഘാടന മത്സരത്തിൽ കാൽമുട്ടിനു പരുക്കേറ്റ ഗുജറാത്ത് ജയൻ്റ്സ് താരം കെയിൻ വില്ല്യംസണ് ഐപിഎൽ സീസൺ നഷ്ടമാവുമെന്ന് റിപ്പോർട്ട്. ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയുന്നതിനിടെയാണ് വില്ല്യംസണു പരുക്കേറ്റത്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന വില്ല്യംസൺ ഋതുരാജ് ഗെയ്ക്‌വാദിൻ്റെ ഒരു സിക്സർ തടയാൻ ശ്രമിക്കുന്നതിനിടെ താരത്തിനു പരുക്കേൽക്കുകയായിരുന്നു. 

സിക്സർ തടയാൻ വില്ല്യംസണു സാധിച്ചെങ്കിലും താരം നിലത്തുവീണു. നിലത്തുവീണയുടൻ തൻ്റെ വലതു കാൽമുട്ട് പൊത്തിപ്പിടിച്ച താരത്തെ താങ്ങിപ്പിടിച്ചാണ് ഗ്രൗണ്ടിൽ നിന്നു കൊണ്ടു പോയത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ വില്ല്യംസൺ ബാറ്റ് ചെയ്യാനെത്തിയില്ല. വില്ല്യംസണു പകരം സായ് സുദർശൻ ഇംപാക്ട് പ്ലയറായി കളിച്ചു. വില്ല്യംസണിൻ്റെ പരുക്കിനെപ്പറ്റി വ്യക്തതയില്ലെങ്കിലും താരത്തിന് ഐപിഎൽ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മത്സരത്തിൽ ചെന്നൈയ്ക്ക് എതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഗുജറാത്ത് നേടിയത്. നാല് പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് നേടിയ 178 റണ്ണുകൾ ഗുജറാത്ത് ടൈറ്റൻസ് മറികടക്കുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ചു രാഹുൽ തെവാട്ടിയയും റാഷിദ് ഖാനുമാണ് ഗുജറാത്തിനെ വിജയതീരത്ത് എത്തിച്ചത്. ഓപ്പണർമാരായ ശുഭ്മൻ ഗില്ലും വൃദ്ധിമാൻ സാഹയും തിളങ്ങിയതാണ് ഗുജറാത്തിനെ സഹായിച്ചത്. ഐപിഎല്ലിൽ ഇതുവരെ ചെസ് ചെയ്ത പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയം ഗുജറാത്ത് നേടിയിട്ടുണ്ട്. നിർണായക വിക്കറ്റുകൾ എടുക്കുകയും രണ്ട് ബൗണ്ടറികൾ നേടി ടീമിന്റെ വിജയത്തിന് നിർണായക പങ്കു വഹിച്ച റാഷിദ് ഖാനാണ് മത്സരത്തിലെ മികച്ച താരം.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പിഴുത ഗുജറാത്ത് ടൈറ്റൻസ് ബൗളർമാരാണ് ടോസ് നഷ്ടപെട്ട ബാറ്റിങ്ങിറങ്ങിയ ചെന്നൈയുടെ സ്‌കോർ 178ൽ ഒതുക്കിയത്. കൃത്യമായി പ്രതിരോധിച്ചിരുന്നെങ്കിൽ വിജയിക്കാൻ സാധിക്കുമായിരുന്ന മത്സരമാണ് ചെന്നൈ കൈവിട്ടു കളഞ്ഞത്. മൂന്ന് വിക്കറ്റുകൾ എടുത്ത് രാജ്വർദ്ധൻ ഹൻഗർഗേക്കർ ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയെങ്കിലും മറ്റുള്ള ബോളർമാർ തിളങ്ങാതിരുന്നത് ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി. ശക്തമായ ബാറ്റിംഗ് നിരയുണ്ടായിട്ടും പ്രതിരോധിക്കാൻ സാധിക്കാതെ ബോളിങ് ടീം പ്രതിസന്ധിയിലായത് ചെന്നൈ ടീം പരിശോധിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here