ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ടു മത്സരങ്ങൾ. ഇന്നത്തെ ആദ്യ മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇന്ന് വൈകീട്ട് 3:30ന് ലക്‌നോവിലെ അടൽ ബിഹാരി വാജ്‌പേയ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നതിലൂടെ പോയിന്റ് ടേബിളിലെ ആദ്യ സ്ഥാനമാണ് ലക്‌നൗ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിലെ തോൽ‌വിയിൽ കരകയറുക എന്ന ലക്ഷ്യമാണ് ഗുജറാത്തിനുള്ളത്. അവസാന മൂന്ന് മത്സരങ്ങളിലും വിജയിച്ച മുംബൈ ഇന്ത്യൻസ് ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7:30നാണ് മത്സരം. ആറ് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ വിജയിച്ച പഞ്ചാബ് പോയിന്റ് ടേബിൾ മുംബൈക്ക് താഴെ ഏഴാം സ്ഥാനത്താണ്.

സമകാലിക ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച ഓപ്പണർമാരായി കണക്കാക്കുന്ന കെഎൽ രാഹുലും ശുഭ്മൻ ഗില്ലും പരസ്പരം വരുന്ന മത്സരമാണ് ലക്നൗ – ഗുജറാത്ത് പോരാട്ടം. കഴിഞ്ഞ ആറ് മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയിച്ച ലക്‌നൗ മികച്ച ഫോമിലാണ്. എന്നാൽ, ആദ്യ ഇന്നിങ്സിൽ നേടുന്ന റണ്ണുകൾ രണ്ടാം ഇന്നിങ്സിൽ പ്രതിരോധിക്കാൻ സാധിക്കാത്തതാണ് ഗുജറത്തിന്റെ ഏറ്റവും വലിയ പ്രശ്നം.

സീസണിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ഫോമില്ലായ്മയെ കുടഞ്ഞെറിഞ്ഞാണ് മുംബൈ കളിക്കളത്തിലേക്ക് വരുന്നത്. ഇഷാൻ കിഷനും സൂര്യകുമാർ യാദവും തകർപ്പനടികളിലൂടെ കാലം നിറയുന്ന കാഴ്ചയാണ് അവസാന മത്സരത്തിൽ കണ്ടത്. എന്നാൽ, രോഹിത് ശർമയുടെ ഫോം ഇപ്പോഴും നൽകുന്നത് ചോദ്യ ചിഹ്നമാണ്. എന്നാൽ, സീസണിൽ മികച്ച തുടക്കം ലഭിച്ച പഞ്ചാബിന്റെ നിലവിലെ സ്ഥിതി ശോഭനീയമല്ല. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് പഞ്ചാബ് ജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here