ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് എതിരെ ചെന്നൈ സൂപ്പർ കിങ്സിന് വിജയം. ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ മുംബൈയെ 139 റണ്ണുകളിൽ ഒതുക്കിയ ചെന്നൈയുടെ വിജയം 6 വിക്കറ്റുകൾക്ക്. മുംബൈ ഉയർത്തിയ 140 എന്ന വിജയലക്ഷ്യം ചെന്നൈ മറികടന്നത് 14 പന്തുകൾ ബാക്കി നിൽക്കെ. 42 പന്തുകളിൽ നിന്ന് 44 റണ്ണുകൾ നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ചെറിയ വിജയ ലക്ഷ്യം പിൻതുടർന്ന് ഇറങ്ങിയ ചെന്നൈ ശാന്തമായാണ് മത്സരത്തെ സമീപിച്ചത്. ജയത്തോടെ ചെന്നൈ ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി.

ഋതുരാജ് ഗെയ്ക്‌വാദ് – കോൺവേ ഓപ്പണിങ് സഖ്യമാണ് ചെന്നൈയ്ക്ക് മികച്ച തുടക്കം നൽകിയത്. 16 പന്തുകളിൽ നിന്ന് 30 റണ്ണുകളെടുത്ത് ഗെയ്ക്‌വാദ് ടീമിനെ നയിച്ചു. എന്നാൽ അഞ്ചാം ഓവറിൽ ചൗളയുടെ പന്തിൽ താരം പുറത്തായി. ക്രീസിൽ നങ്കൂരമിട്ട് കളിച്ച കോൺവെയാണ് മത്സരത്തിൽ ടീമിനെ വിജയ തീരത്തേക്ക് എത്തിച്ചത്. ഋതുരാജിന് ശേഷം ഇറങ്ങിയ രഹാനെ 17 പന്തിൽ 21 റണ്ണുകൾ നേടി ടീമിന്റെ റൺറേറ്റ് ഉയർത്തിയെങ്കിലും ചൗളയുടെ പന്തിൽ ലെഗ് ബൈയിൽ കുടുങ്ങി പുറത്തായി. റെയ്‌ഡു 11 പന്തിൽ 12 റണ്ണുകളും ശിവം ദുബൈ 18 പന്തിൽ 26 റണ്ണുകളും നേടി. 17 ഓവറിൽ ആകാശ് മദ്വാളിന്റെ പന്തിൽ കുരുങ്ങി കോൺവെ പുറത്തായതോടെ ക്യാപ്റ്റൻ ധോണി കളിക്കളത്തിലേക്ക് വന്നു. 3 പന്തിൽ നേടിയത് 2 റണ്ണുകൾ. അതിലൊന്ന് ടീമിന്റെ വിജയ റണ്ണും. 2011ന് ശേഷം ആദ്യമായാണ് ചെന്നൈ സൂപ്പർ കിങ്‌സ് ചെപ്പോക് സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ വിജയിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നായകൻ രോഹിത് മൂന്ന് പന്തു നേരിട്ടാണ് സംപൂജ്യനായി മടങ്ങിയത്. നായകനൊപ്പം ഓപണർമാരായ ഇഷൻ കിഷനും കാമറോൺ ഗ്രീനും വേഗത്തിൽ കൂടാരം കയറി.ചെന്നൈക്കായി മതീക്ഷ പതിറാണ മൂന്ന് വിക്കറ്റുകള്‍ നേടി. ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. നെഹാല്‍ വധേര – സൂര്യകുമാര്‍ യാദവ് സഖ്യമാണ് ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. 46 പന്തിലാണ് വധേര അര്‍ധ സെഞ്ചുറി തികച്ചത്. പകരമെത്തിയ ടിം ഡേവിഡ‍ിനും അവസാന ഓവറുകള്‍ കത്തിക്കാനാകാതെ വന്നതോടെ മുംബൈയുടെ 150 കടക്കാമെന്ന പ്രതീക്ഷയും അസ്തമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here