രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങൾക്ക് ഭരണത്തിൽ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ വ്യക്തമാക്കി. പരമ്പരാഗത ഫയൽ നീക്ക രീതികൾ മാറി വരുകയാണ്. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത് അദ്ദേഹം കൂട്ടിച്ചേർത്തു.

നാടിൻ്റെ പൊതുവായ വികസനമാണ് സർക്കാറിൻറെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്. ജനങ്ങളെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തന രീതിയായിരിക്കണം ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടത് എന്ന് അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

യു.ഡി. എഫിൻ്റെ ദുസ്ഥിതിയിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. കയ്യിലിരിപ്പാണ് യു.ഡി.എഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021ൽ എന്തൊക്കെ കോലാഹലങ്ങളായിരുന്നു പ്രതിപക്ഷം നടത്തിയത്. എന്നിട്ട് എന്തു സംഭവിച്ചു എന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങൾ ഒന്നാകെ സർക്കാരിന്റെ കൂടെ നിന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2021ൽ സർക്കാർ അധികാരത്തിൽ വന്ന് ആഴ്ച്ചകൾ കഴിയും മുൻപേ വീണ്ടും എതിർപ്പുകൾ ഉയർന്നു. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബി.ജെ.പിയും യു.ഡി.എഫും ഒരേ മാനസികാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷം വാശിയോടെയാണ് സർക്കാരിനെതിരെ നിൽക്കുന്നത്. സർക്കാരിനെതിരെ ഇല്ലാത്ത കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക എന്നിവ ചെയ്‌തെങ്കിലും ഒന്നും ഏൽക്കുന്നില്ല. സർക്കാരിൻ്റെ രണ്ടാം വർഷത്തിൻ്റെ നിറം കെടുത്താനാണ് ശ്രമം. ആ പൂതിയൊന്നും ഏശില്ല. കെട്ടി പൊക്കുന്ന ആരോപണങ്ങളിൽ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ട എന്നും അദ്ദേഹം അറിയിച്ചു. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവും എന്ന മുന്നറിയിപ്പും പ്രസംഗത്തിനിടെ മുഖ്യമന്ത്രി നൽകി. ഇരുമെയ്യാണെങ്കിലും ഒരു കരളായാണ് യു.ഡി.എഫും ബി.ജെ.പിയും കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here