സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ മൂന്നാം ദിനത്തിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ ഇരട്ട സ്വര്‍ണ്ണ നേട്ടവുമായി ബിപിന്‍ ജോര്‍ജും സി. ബബിതയും മേളയിലെ താരങ്ങളായി. 1500 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ്ണം നേടിയതോടെയാണ് കോതമംഗലം മാര്‍ ബേസിലിലെ ബിപിനും കല്ലടി എച്ച്.എസ്.എസിലെ സി ബബിതയും ഡബിള്‍ നേടിയത്. നേരത്തെ 5000 മീറ്ററില്‍ ബിപിനും 3000 മീറ്ററില്‍ ബബിതയും സ്വര്‍ണ്ണം നേടിയിരുന്നു.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി എച്ച്.എസ്.എസിലെ എ. അനീഷ് ഇന്ന് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ തിരുവനന്തപുരം സായിയിലെ ടി.ആരോമലും സ്വര്‍ണം നേടി.

ഇന്ന് നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കോഴിക്കോട് പൂല്ലൂരാംപാറ എച്ച്.എസ്.എസിലെ ലിസ്ബത്ത് കരോലിന്‍ ജോസും സബ് ജൂനിയര്‍ ബോയ്‌സ് 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ വാരിഷ് ബോഗി മയൂം സബ്ജൂനിയര്‍ ഗേള്‍സ് 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കുറുമ്പനാട് സെന്റ് ജോസഫ് എച്ച്.എസ്.എസിലെ ജോസ്‌ന ജോസഫും ജൂനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പൂല്ലൂരാംപാറ എച്ച്.എസ്.എസിലെ അപര്‍ണ റോയിയും സ്വര്‍ണ്ണം നേടി.

കായിക മേള സമാപനത്തിലേക്ക് കടക്കുമ്പോള്‍ എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച് മത്സരമാണ്. 166 പോയിന്റുമായി എറണാകുളം തന്നെയാണ് മുന്നില്‍ 161 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. 55 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.

ആകെയുള്ള 95 ഇനങ്ങളില്‍ 60 ഇനങ്ങളുടെ ഫൈനല്‍ പൂര്‍ത്തിയായി. തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന മേള നാളെ സമാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here