മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായി മെഗാ ലേലം നടന്നാൽ, ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് അത് നിർണായകമായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചട്ടപ്രകാരം ടീമിൽ നിലനിർത്താൻ പറ്റിയ താരങ്ങൾ അധികം ചെന്നൈ നിരയിലില്ലെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ഇത്തവണ മെഗാ ലേലം നടന്നാൽ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ റിലീസ് ചെയ്ത് ലേലത്തിന് വിടണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ധോണിയെ ടീമിൽ നിലനിർത്തിയാൽ ചെന്നൈ സൂപ്പർ കിങ്സിന് 15 കോടി രൂപയോളം നഷ്ടമായിരിക്കുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ലേലത്തിന് വിട്ടാലും ധോണിയെ റൈറ്റ് ടു മാച്ച് (ആർടിഎം) സംവിധാനം ഉപയോഗിച്ച് ചെന്നൈയ്ക്ക് ടീമിൽ തിരികെയെത്തിക്കാമെന്നും ചോപ്ര വിശദീകരിച്ചു. 2021 ഏപ്രിൽ – മേയ് മാസങ്ങളിലായി നടക്കുന്ന ഐപിഎൽ 14–ാം സീസണിനു മുന്നോടിയായി മെഗാ ലേലം നടക്കുമെന്ന സൂചനകൾ ശക്തമാണ്. നിലവിലുള്ളള ടീമിലെ മൂന്ന് താരങ്ങളെ മാത്രം നിലനിർത്തി ബാക്കിയുള്ള ടീം പൂർണമായും പൊളിച്ചുപണിയാൻ സംവിധാനമൊരുക്കുന്നതാണ് മെഗാ ലേലം.

‘മെഗാ ലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് മഹേന്ദ്രസിങ് ധോണിയെ ടീമിൽനിന്ന് റിലീസ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. മെഗാ ലേലത്തിൽ സ്വന്തമാക്കുന്ന താരത്തെ മൂന്നു വർഷം ടീമിനൊപ്പം നിലനിർത്താം. ധോണി ഇനിയും മൂന്നു വർഷം ടീമിനൊപ്പമുണ്ടാകുമോ? ധോണിയെ ടീമിൽനിന്ന് ഒഴിവാക്കണമെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, അദ്ദേഹത്തെ ടീമില്‍ നിലനിർത്തിയാൽ നിങ്ങൾ 15 കോടി രൂപ നൽകേണ്ടി വരും’ – സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചോപ്ര ചൂണ്ടിക്കാട്ടി.

‘ധോണി മൂന്നു വർഷം കൂടി ടീമിനൊപ്പം തുടരുന്നില്ലെന്ന് കരുതുക. അടുത്ത സീസൺ കൂടി കളിച്ച് ധോണി ഐപിഎൽ വിട്ടാൽ 2022 സീസണിനു മുന്നോടിയായി 15 കോടി രൂപ ചെന്നൈയുടെ കയ്യിലിരിക്കും. ആ 15 കോടി രൂപയ്ക്ക് എങ്ങനെയാണ് നല്ലൊരു താരത്തെ ടീമിലെത്തിക്കുക? അതിനുള്ള അവസരമാണ് മെഗാ ലേലം. ആ പണമുപയോഗിച്ച് നിങ്ങൾക്ക് നല്ലൊരു ടീമിനെ രൂപപ്പെടുത്താവുന്നതേയുള്ളൂ’ – ചോപ്ര പറഞ്ഞു.

‘മെഗാ ലേലത്തിനു മുന്നോടിയായി നിങ്ങൾ ധോണിയെ ടീമിൽനിന്ന് റിലീസ് ചെയ്താലും, ആർടിഎം സംവിധാനം ഉപയോഗിച്ച് നിലനിർത്താവുന്നതേയുള്ളൂ. അതേസമയം, ഇഷ്ടമുള്ള താരങ്ങളെ ആ പണം ഉപയോഗിച്ച് സ്വന്തമാക്കുകയും െചയ്യാം. ധോണിയെ ലേലത്തിന് വിട്ട് തിരികെ ടീമിലെത്തിച്ചാൽ ഗുണം ചെന്നൈയ്ക്ക് തന്നെയെന്ന് ചുരുക്കം’ – ചോപ്ര പറഞ്ഞു.

‘ചെന്നൈ സൂപ്പർ കിങ്സിന് ഇത്തവണ മെഗാ ലേലം കൂടിയേ തീരൂ. കാരണം, ആ ടീമിൽ നിലനിർത്താൻ പറ്റിയ താരങ്ങൾ അധികമില്ല. ഭാവിയിലേക്കു കൂടി നോക്കിയാണ് ടീമിനെ ഒരുക്കുന്നതെങ്കിൽ ഫാഫ് ഡുപ്ലേസി, അമ്പാട്ടി റായുഡു തുടങ്ങിയ താരങ്ങൾക്കും കൂടുതൽ പണം ചെലവാക്കേണ്ടതുണ്ടോ? അത്തരമൊരു സാഹചര്യത്തിൽ സുരേഷ് റെയ്ന, ഹർഭജൻ സിങ് തുടങ്ങിയ താരങ്ങൾക്കായും ചെന്നൈ ശ്രമിക്കുമെന്ന് ഞാൻ കരുതുന്നില്ല’ – ചോപ്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here