സിഡ്നി: ഇടിമുഴക്കം പോലൊരു വിജയം. അവസാന ഓവറിൽ ജയിക്കാൻ 14 റൺ. ഡാനിയൽ സാംസിന്റെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ രണ്ട് റണ്ണെടുത്തു. രണ്ടാംപന്തിൽ ലോങ്‌ഓണിന് മുകളിലൂടെ കണ്ണഞ്ചിക്കുന്ന സിക്സർ. മൂന്നാംപന്തിൽ റണ്ണില്ല. നാലാംപന്ത് വീണ്ടും ഗ്യാലറിയിലേക്ക് പറന്നു. ഇന്ത്യക്ക് ആറ് വിക്കറ്റ് ജയവും ട്വന്റി–20 ക്രിക്കറ്റ് പരമ്പരയും. മറുഭാഗത്ത് ശ്രേയസ് അയ്യരെ കാഴ്ചക്കാരനാക്കിയാണ് പാണ്ഡ്യയുടെ മിന്നലാട്ടം. പാണ്ഡ്യ 22 പന്തിൽ 42 റണ്ണുമായി കളിയിലെ താരമായി. അയ്യർ അഞ്ച് പന്തിൽ 15 റൺ. സ്കോർ: ഓസ്ട്രേലിയ 5–194, ഇന്ത്യ 4–195 (19.4). ആദ്യ കളി ഇന്ത്യ 11 റണ്ണിന് ജയിച്ചിരുന്നു. അവസാന മത്സരം നാളെ ഇതേവേദിയിൽ നടക്കും. ഏകദിന പരമ്പര 2–1ന് ജയിച്ച ഓസ്ട്രേലിയക്ക് ഈ തോൽവി തിരിച്ചടിയായി.

ഇന്ത്യയുടെ മുൻനിര ബാറ്റ്സ്‌മാന്മാരെല്ലാം തിളങ്ങി. ഓപ്പണർ ശിഖർ ധവാൻ 36 പന്തിൽ 52 റണ്ണെടുത്തു. ക്യാപ്റ്റൻ വിരാട് കോഹ്‌ലി 24 പന്തിൽ 40. ലോകേഷ് രാഹുൽ 22 പന്തിൽ 30. സഞ്ജു സാംസൺ പത്ത് പന്തിൽ 15.
വിദേശത്ത് തുടർച്ചയായി ഇന്ത്യ നേടുന്ന പത്താം ജയമാണ്. വിൻഡീസിൽ മൂന്നും ന്യൂസിലൻഡിൽ അഞ്ചും കളി ജയിച്ചു. ഇപ്പോൾ ഓസ്ട്രേലിയയിൽ രണ്ടും.

ജയിക്കാൻ 195 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. രാഹുലും ധവാനും തകർത്തടിച്ചു. ആറാം ഓവറിൽ സ്കോർ 56ൽ നിൽക്കെ രാഹുൽ വീണു. അർധസെഞ്ചുറി കണ്ട ധവാൻ നാല് ഫോറും രണ്ട് സിക്സറും അടിച്ചു. ഒരു ഫോറും സിക്സറും പറത്തി നല്ല തുടക്കമിട്ട സഞ്ജു സാംസൺ പതിവുപോലെ പത്ത് പന്തിൽ 15 റണ്ണുമായി മടങ്ങി. കോഹ്‌ലി വിജയത്തിനുള്ള അടിത്തറയിട്ടാണ് മടങ്ങിയത്. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ വിക്കറ്റിന് പുറത്തേക്കുപോയ പന്തിൽ ആഞ്ഞുവീശി പുറത്തായി. ഡാനിൽ സാംസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വെയ്ഡ് പിടിച്ചു.

അപ്പോൾ നാല് ഓവറിൽ ജയിക്കാൻ 46 റൺ വേണ്ടിയിരുന്നു. എന്നാൽ, പാണ്ഡ്യയും അയ്യരും ചേർന്ന് ഓസീസ് ബൗളിങ്ങിനെ വരുതിയിലാക്കി. ടോസ്‌ നേടിയ ഇന്ത്യ പന്തെറിയാനാണ് തീരുമാനിച്ചത്. ആരോൺ ഫിഞ്ചിന്റെ അഭാവത്തിൽ ടീമിനെ നയിച്ച ഓപ്പണർ മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്കോറർ. സ്റ്റീവ് സ്മിത്തുമായുള്ള ആശയക്കുഴപ്പത്തിൽ റണ്ണൗട്ടായ വെയ്ഡ് 32 പന്തിൽ 58 റണ്ണെടുത്തു. ആർസി ഷോർട്ടാണ് (9) ആദ്യം പുറത്തായത്. തുടർന്ന് സ്മിത്ത് (46) ഗ്ലെൻ മാക്‌സ്‌വെല്ലുമായും (22) ഹെൻറിക്വസുമായും (26) ചേർന്ന് സ്കോർ ഉയർത്തി. അവസാന അഞ്ച് ഓവറിൽ മാർകസ് സ്റ്റോയിനിസിന്റെ സാന്നിധ്യം ഓസീസിന് തുണയായി. സ്റ്റോയിനിസ് ഏഴ് പന്തിൽ 16 റണ്ണുമായി പുറത്താകാതെ നിന്നു. അവസാന അഞ്ച് ഓവറിൽ നേടിയത് 62 റൺ.

ടി നടരാജൻ ഒരിക്കൽക്കൂടി ഉജ്വലമായി പന്തെറിഞ്ഞു. നാല് ഓവറിൽ 20 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ശാർദുൾ താക്കൂറിനും യുസ്‌വേന്ദ്ര ചഹാലിനും ഓരോ വിക്കറ്റ്. മുഹമ്മദ് ഷമിക്കും മനീഷ് പാണ്ഡെക്കും വിശ്രമം നൽകിയപ്പോൾ ശാർദുളും ശ്രേയസ് അയ്യരും ടീമിലെത്തി. പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ചഹാലും.

LEAVE A REPLY

Please enter your comment!
Please enter your name here