മുങ്ങിക്കപ്പലുകളില്‍ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ലിഥിയം അയേണ്‍ ബാറ്ററികള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ നാവികസേന ശ്രമം തുടങ്ങി. തദ്ദേശീയമായി ലിഥിയം അയേണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുള്ള സാധ്യതകളും ഇന്ത്യ ആരായുന്നുണ്ട്. ഇപ്പോൾ 100 ശതമാനം ലി-അയേണ്‍ ബാറ്ററികളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ പുതിയ തീരുമാനം ചൈനയെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് അറിയുന്നത്.

പരമ്പരാഗത ആസിഡ് ലെഡ് ബാറ്ററികളെ അപേക്ഷിച്ച് ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയും ദീര്‍ഘകാലം ഉപയോഗിക്കാമെന്നതുമാണ് ലി-അയേണ്‍ ബാറ്ററികളുടെ പ്രധാന പ്രത്യേകത. മുങ്ങിക്കപ്പലുകള്‍ പോലുള്ളവയില്‍ ഇത്തരം ബാറ്ററികളുടെ ഉപയോഗം വലിയ മാറ്റങ്ങള്‍ വരുത്തും. മുങ്ങിക്കപ്പലുകളില്‍ ഉപയോഗിച്ചിരുന്ന ലെഡ് ആസിഡ് ബാറ്ററികള്‍ 48-72 മണിക്കൂറുകളുടെ ഇടവേളകളില്‍ റീചാര്‍ജ്ജ് ചെയ്യേണ്ടി വരുന്നുണ്ട്.

കാര്യക്ഷമതയും ദീര്‍ഘായുസ്സും അനുകൂല ഘടകങ്ങളാണെങ്കിലും പൊട്ടിത്തെറിക്കുള്ള സാധ്യതയാണ് ലി-അയേണ്‍ ബാറ്ററികളുടെ പ്രധാന പോരായ്മ. സാംസങ് 7 നോട്ട് മൊബൈലിന്റെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചിരുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിരിക്കും. ലി അയേണ്‍ ബാറ്ററികളാണ് സാംസങ് 7 നോട്ടില്‍ ഉപയോഗിച്ചിരുന്നത്. ബോയിങ് 787 വിമാനങ്ങളിലെ പല തീപിടുത്തങ്ങള്‍ക്ക് പിന്നിലും ആ ബാറ്ററിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും ഭാവിയില്‍ ലി-അയേണ്‍ ബാറ്ററികള്‍ മേല്‍ക്കൈ നേടുമെന്നാണ് കരുതപ്പെടുന്നത്.

ലോകത്തെ ലിഥിയം ശേഖരത്തിന്റെ 54 ശതമാനവും കണ്ടെടുത്തിട്ടുള്ളത് അര്‍ജന്റീന, ബൊളീവിയ, ചിലി എന്നീ രാജ്യങ്ങളിലാണ്. ലിഥിയം ട്രയാങ്കിള്‍ എന്നും ഈ രാജ്യങ്ങള്‍ അറിയപ്പെടുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2019ല്‍ ഇതില്‍ രണ്ട് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നില്‍ ലി-അയേണ്‍ ബാറ്ററികള്‍ സംയുക്തമായി നിര്‍മിക്കാനുള്ള സാധ്യതകള്‍ കൂടി തേടാനായിരുന്നു. 2030 ആകുമ്പോഴേക്കും വൈദ്യുതി വാഹനങ്ങള്‍ വ്യാപകമാക്കുകയെന്ന ഇന്ത്യന്‍ ലക്ഷ്യം പ്രാവര്‍ത്തികമാകണമെങ്കില്‍ ലി അയേണ്‍ ബാറ്ററികള്‍ ആഭ്യന്തരമായി നിര്‍മിക്കേണ്ടതുണ്ട്.

ലി അയേണ്‍ ബാറ്ററികള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തില്‍ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ KABIL ( ഖനിജ് ബിദേശ് ഇന്ത്യ) രൂപീകരിച്ചിട്ടുമുണ്ട്. നാഷണല്‍ അലൂമിനിയം കമ്പനി, ഹിന്ദുസ്ഥാന്‍ കോപ്പര്‍, മിനറല്‍ എക്‌സ്‌പ്ലൊറേഷന്‍ കമ്പനി എന്നിവയാണ് ആ കമ്പനികള്‍. ഇന്ത്യന്‍ ആഭ്യന്തര വിപണിയിലേക്ക് ലിഥിയം അടക്കമുള്ള തന്ത്രപ്രധാനമായ ധാതുക്കളുടെ വിതരണം ഉറപ്പുവരുത്തുകയാണ് ഈ കാബില്‍ കൂട്ടായ്മയുടെ ലക്ഷ്യം. വൈദ്യുതി വാഹനങ്ങള്‍ക്ക് മാത്രമല്ല ബഹിരാകാശ വാഹനങ്ങളിലെ സോളാര്‍ പാനലുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ലാപ്‌ടോപുകള്‍ക്കും അത്യാധുനിക സൈനിക ഉപകരണങ്ങള്‍ക്കുമെല്ലാം ലിഥിയം അടക്കമുള്ള ധാതുക്കള്‍ ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here