ന്യൂഡൽഹി: കർഷക സമരം ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷക സമരത്തെയും വിവാദ കാർഷിക നിയമങ്ങളെയും കുറിച്ച് പ്രത്യക്ഷ പരാമർശങ്ങൾ ഉണ്ടായില്ലെന്നതു ശ്രദ്ധേയമായി.

2021ൽ രോഗസൗഖ്യത്തിനാണ് മുൻഗണന നൽകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ ജനം അംഗീകരിച്ചു. 2020 ഏറെ പ്രതിബന്ധങ്ങളുടെയും പ്രതിസന്ധികളുടെയുമായിരുന്നു. എന്നാൽ ഓരോ പ്രതിസന്ധിയും നമ്മളെ ഓരോ പാഠങ്ങൾ പഠിപ്പിച്ചു.

സ്വാശ്രയത്വമെന്ന വലിയ പാഠമാണ് ഈ കോവിഡ് പ്രതിസന്ധി പകർന്നു തന്നത്. സ്വാശ്രയത്വം തന്നെയാകണം പുതുവത്സര പ്രതിജ്ഞ. തദ്ദേശീയ ഉൽപന്നങ്ങൾക്കു കൂടുതൽ പ്രാധാന്യവും സ്വീകാര്യതയും ലഭിക്കുന്നുണ്ടെന്ന് നാം ഓരോരുത്തരും ഉറപ്പ് വരുത്തണം. നമ്മുടെ ഉത്പന്നങ്ങൾ ലോകോത്തര നിലവാരമുള്ളതാണെന്ന് ഉറപ്പാക്കമണമെന്നു വ്യവസായ പ്രമുഖരോട് ആവശ്യപ്പെടുകയാണ്.

രാജ്യത്തെ യുവാക്കൾക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും വലുതല്ലെന്ന് അവർ തെളിയിച്ചുവെന്നും മോദി പറഞ്ഞു. സിഖ് ഗുരുക്കൻമാരെയും മോദി അനുസ്മരിച്ചു. അതേസമയം, മൻ കി ബാത്തിൽ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here