വേനൽ സജീവമാകും മുൻപെ കേരളം കഠിനചൂടിലേക്ക്. കുംഭച്ചൂടിൽ കേരളം കത്തുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും സാധാരണ വേനൽ ചൂടിനെക്കാളും നാല് ഡിഗ്രിവരെ ചൂട് കൂടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 39 ഡിഗ്രി പാലക്കാട് രേഖപ്പെടുത്തി. എൽ നിനോയുടെ പ്രഭാവം കേരളത്തിലും അനുഭവപ്പെട്ടു തുടങ്ങിയതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

സാധാരണ ഫെബ്രുവരി അവസാന ആഴ്ചയിൽ 33 ഡിഗ്രി ചൂടാണ് മിക്ക ജില്ലകളിലും അനുഭവപ്പെടുക. പാലക്കാട് പോലെ ചിലയിടങ്ങളിൽ ഇത് 35 വരെ ഉയരാറുണ്ട്. എന്നാൽ ഈവർഷം താപനില 35 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാണ്. തിരുവനന്തപുരത്തും ആലപ്പുഴയിലും 35 ഡിഗ്രിയാണ് ഉയർന്നതാപനില, കൊല്ലത്തും കണ്ണൂരും ഇത് 36, പാലക്കാടട്ടെ താപനില ബുധനാഴ്ച 39 ലേക്ക് ഉയർന്നു. അന്തരീക്ഷത്തിലെ ഈർപ്പം വളരെ കുറഞ്ഞതും വരണ്ട കടൽകാറ്റ് വീശുന്നതും താപനില ഇനിയും ഉയർത്തിയേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

രാത്രിതാപനിലയിലും മൂന്ന് ഡിഗ്രിവരെ വർധനയുണ്ട്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കേരളത്തിലും അനുഭവപ്പെട്ടു തുടങ്ങി എന്നാണ് വിലയിരുത്തൽ. ചൂട് ഉയരുന്നത് കണക്കിലെടുത്ത് തൊഴില്‍ സമയം മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഏപ്രിൽ– മേയ് മാസങ്ങളിൽ ചൂട് കൂടുമെന്നും പുറം പണികളെടുക്കുന്നവർ സൂര്യതാപം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും കാലാവസ്ഥാ ശാസ്ത്രജ്ഞർ നൽകുന്നു.

പകൽ യാത്രയും നടത്തവും കുറയ്ക്കുക

പാലക്കാട് ജില്ലയിൽ വേനൽച്ചൂട് 40 ഡിഗ്രി സെൽഷ്യസിൽ എത്തി. മുണ്ടൂർ ഐആർടിസിയിലാണ് ഈ ഉയർന്ന താപനില. 39.6 ഡിഗ്രി സെൽഷ്യസുമായി മലമ്പുഴ രണ്ടാം സ്ഥാനത്ത്. പാലക്കാട്ട് 39.4 ഡിഗ്രിയും കണ്ണൂരിൽ 39.1 ഡിഗ്രിയും കോഴിക്കോട്ടു 38.1 ഡിഗ്രിയും ചൂടു രേഖപ്പെടുത്തി. തെക്കൻ കേരളത്തിൽ പുനലൂരിൽ 37.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അന്തരീക്ഷ താപനില സംസ്ഥാനത്ത് ഇനിയും വർധിച്ചാൽ കടുത്ത വരൾ‌ച്ചയ്ക്കു വഴിയൊരുക്കും. കാട്ടുതീ ഭീഷണിയും ശക്തമാണ്.പകൽ 12 മുതൽ മൂന്നുവരെ യാത്ര നിയന്ത്രിക്കുന്നതു നന്നാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പ്രത്യേകിച്ചു കാൽനടയാത്ര. ഇന്നലെ തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ ലഭിച്ചു. ഇന്നു കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

എന്താണ് എൽനിനോ

ആഗോളകാലാവസ്ഥയില്‍ വലിയമാറ്റങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോ കൂടുതല്‍ അപകടകാരിയാകുമെന്ന് നേരത്തെ യുഎന്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഇന്ത്യയിലും ഇന്തോനേഷ്യയിലും ഓസ്‌ട്രേലിയയിലും കൊടും വരള്‍ച്ചയായിരിക്കും ഇതിന്റെ ഫലം. നേരത്തെ 1972-73, 1982-83, 1997-98 വര്‍ഷങ്ങളിലാണ് എല്‍ നിനോ പ്രതിഭാസം രൂക്ഷമായത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ എല്‍ നിനോയായാണ് ഇപ്പോൾ സംഭവിച്ചുക്കൊണ്ടിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊടും വരള്‍ച്ചക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും രൂക്ഷമായ എല്‍ നിനോയായിരിക്കും ഇതെന്നാണ് പ്രവചിക്കുന്നത്.

മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ നീളുന്ന ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്താണ് എല്‍ നിനോ രൂപപ്പെടുക. യൂറോപ്പ് ഭൂഖണ്ഡത്തോളം വലിപ്പമുള്ള പസഫിക് സമുദ്രഭാഗത്തുണ്ടാകുന്ന എല്‍നിനോ പ്രതിഭാസത്തിന് ആഗോള കാലാവസ്ഥയെ ആകെ തകിടം മറിക്കാനാകും. പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിമാറ്റമാണ് എല്‍ നിനോ പ്രതിഭാസത്തിന് കാരണമാകുന്നത്. സാധാരണനിലയില്‍ ഭൂമിയുടെ ഭ്രമണത്തിന്റെ ഫലമായി കിഴക്കു നിന്നും പടിഞ്ഞാറേക്കാണ് കാറ്റ് വീശുക. എന്നാല്‍ എല്‍ നിനോ കാലത്ത് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങള്‍ ദുര്‍ബലമാകും.

പകരം എതിര്‍ദിശയിലേക്ക് കാറ്റ് വീശും. സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാല്‍, ആ കാറ്റിന്റെ തള്ളലിന് വിധേയമായി ചൂടിന്റെ ഒരു പ്രവാഹം പെറുവിന് സമീപത്തേക്കു നീങ്ങും. സാധാരണഗതിയില്‍ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കും. ഇതോടെ പ്രദേശത്തെ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകും. എല്‍ നിനോയുടെ ദൂഷ്യഫലം ആദ്യം അനുഭവിക്കേണ്ടി വരിക അതുകൊണ്ടുതന്നെ പെറുവിലെ മുക്കുവര്‍ക്കാണ്.

തങ്ങള്‍ക്ക് വറുതിയൊരുക്കി ക്രിസ്മസ് കാലത്തെത്തുന്ന ഈ പ്രതിഭാസത്തിന് ഉണ്ണിയേശു എന്നര്‍ഥം വരുന്ന എല്‍ നിനോ എന്ന് പേരിട്ടതും അവര്‍ തന്നെ. ഏറ്റവും ശക്തമായ എല്‍നിനോകള്‍ രൂപപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണ്. ഇരുപതാംനൂറ്റാണ്ടില്‍ 23 തവണ എല്‍ നിനോ പ്രത്യക്ഷപ്പെട്ടു. രേഖപ്പെടുത്തിയതില്‍വെച്ച് വിനാശകാരിയായ എല്‍നിനോ എന്നറിയപ്പെടുന്നത് 1997-98 കാലഘട്ടത്തിലാണ്. ഇതിനേക്കാള്‍ രൂക്ഷമായിരിക്കും വരാനിരിക്കുന്ന എല്‍ നിനോയെന്നാണ് കരുതപ്പെടുന്നത്.

നിലവിലെ എല്‍ നിന്നോ പസഫിക് സമുദ്രത്തിലെ താപനില രണ്ട് ഡിഗ്രി ഉയര്‍ത്തുമെന്നാണ് പ്രവചിക്കുന്നത്. 1950ന് ശേഷം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്ന ഏറ്റവും രൂക്ഷമായ എല്‍ നിനോയായിരിക്കും ഇതിന്റെ ഫലം. സാധാരണ നിലയില്‍ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ് എല്‍ നിനോ പ്രതിഭാസം രൂക്ഷമാവുക.

എല്‍ നിനോ സാധാരണഗതിയില്‍ ഇന്തോനേഷ്യ, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വരള്‍ച്ചക്കും വിളനാശത്തിനും കാരണമാകാറുണ്ട്. അടുത്തിടെ ഇന്തോനേഷ്യയിലുണ്ടായ കാട്ടുതീയ്ക്ക് കാരണമായത് എല്‍ നിനോയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്തോനേഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ കാട്ടുതീയില്‍ ഒന്നായിരുന്നു അത്. ഇന്തോനേഷ്യയില്‍ കാട്ടുതീയ്ക്ക് കാരണമായ എല്‍ നിനോ തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വരുത്തിവെച്ചത്.

അടുത്തിടെ മെക്‌സിക്കോയില്‍ ആഞ്ഞുവീശിയ പട്രീഷ്യ കൊടുങ്കാറ്റും എല്‍ നിനോ ശക്തിപ്രാപിക്കുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. ലോകത്തെ ദാരിദ്ര്യം വര്‍ധിപ്പിക്കുന്നതിന് എല്‍ നിനോ കാരണമാകുമെന്ന് കഴിഞ്ഞ ആഴ്ചയും യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുഡാന്‍, എറിത്രിയ, എത്തോപ്യ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളില്‍ എല്‍ നിനോ വരള്‍ച്ചയും കെനിയ സൊമാലിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ വെള്ളപ്പൊക്കവുമായിരിക്കും എല്‍ നിനോ സമ്മാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here