ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് മരിച്ച മീൻകുഴി വാലുപറമ്പിൽ വി. കെ. പൊടിമോന്റെ കുടുംബത്തിനു സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായ വിതരണം വൈകുന്നു. കുടുംബം കടുത്ത കടക്കെണിയിലുമായി. സംസ്ഥാനത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ചികിൽസയ്ക്കു വിധേയനായ പൊടിമോൻ കഴിഞ്ഞ ഒക്ടോബർ നാലിനാണ് മരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ സെപ്റ്റംബർ 15ന് ആയിരുന്നു ശസ്ത്രക്രിയ. 18 ദിവസത്തിനു ശേഷം രോഗം പെട്ടെന്നു മൂർച്ഛിച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു. വിവിധ പരിശോധനകൾക്കായി വൻ തുകയാണ് ചെലവായത്.

കാരുണ്യ ചികിൽസാ നിധിയിൽ നിന്ന് അനുവദിച്ച തുകയിൽ ആശുപത്രിയിൽ ചെലവായതിന്റെ ബാക്കി തുകയ്ക്കായി പലവട്ടം ആശുപത്രി അധികൃതരെ സമീപിച്ചിരുന്നതായി പൊടിമോന്റെ ഭാര്യ ഓമന പറഞ്ഞു. പുറത്ത് നടത്തിയ പല പരിശോധനകളിലായി വൻ ബാധ്യതയാണ് കുടുംബത്തിനുള്ളത്. സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിച്ചതായുള്ള പ്രഖ്യാപനത്തെ തുടർന്ന് പുറത്തു നിന്നു ലഭിച്ചുവന്ന എല്ലാ സഹായങ്ങളും നിലച്ചു. സർക്കാർ സഹായമോ, മറ്റ് സഹായങ്ങളോ ലഭിക്കാത്ത അവസ്ഥയാണിപ്പോൾ.

തൊഴിലുറപ്പ് ജോലിക്കു പോയാണ് ഓമന കുടുംബം പുലർത്തുന്നത്. ചികിൽസയുടെ പേരിൽ പലരിൽ നിന്നു സ്വർണമായും പണമായും വായ്പ വാങ്ങിയിരുന്നു. ഓമനയുടെ മകൻ അഖിൽ വിദേശത്ത് ജോലിയിലായിരുന്നു. പിതാവിന്റെ മരണം അറിഞ്ഞ് നാട്ടിൽ എത്തിയ അഖിലിന് നിശ്ചിത ദിവസം മടങ്ങി പോകാൻ കഴിയാതെ വന്നതോടെ ജോലി നഷ്ടപ്പെട്ടു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബം മീൻകുഴിയിൽ അഞ്ച് സെന്റ് സ്ഥലത്ത് സെറ്റിൽമെന്റ് കോളനിയിലാണ് താമസം. കടം നൽകിയവരുടെ ശല്യം അസഹനീയമായതോടെ താമസിക്കുന്ന വീടും സ്ഥലവും വിറ്റ് കടം വീട്ടാനുള്ള ആലോചനയിലാണ് ഓമനയും മക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here