മുംബൈ:  വിരമിക്കുന്നതിനേക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകനെ ട്വന്റി 20 നായകന്‍ മഹേന്ദ്രസിംഗ് ധോനി പൊളിച്ചടുക്കി. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി 20 ലോകകപ്പ് സെമിയില്‍ വെസ്റ്റിന്‍ഡിസിനോട് തോറ്റതിനു പിന്നാലെ നടന്ന പത്രസമ്മേളനത്തിലായിരുന്നു തന്നെ ചോദ്യം ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സാം ഫെറീസിനെ ധോനി ഇരുത്തിക്കളഞ്ഞത്. നിരന്തരം കേട്ടുമടുത്ത ചോദ്യത്തിനെ സമചിത്തതയോടെ നേരിട്ട ധോനി സാമിനെ  അടുത്ത് വിളിച്ചിരുത്തിയാണ് മറുപടി നല്‍കിയത്.

വരു നമുക്കാദ്യം തമാശ പങ്കിടാം എന്ന് പറഞ്ഞ് സാമിനെ ധോണി വിളിച്ചെങ്കിലും അദ്ദേഹം അത് കാര്യമാക്കിയില്ല. തുടര്‍ന്ന് താന്‍ കാര്യമായി പറയുകയാണെന്നും അടുത്തേക്ക് വരാനും ആവശ്യപ്പെട്ടു. മാത്രമല്ല തന്റെ അടുത്ത് ഇയാള്‍ക്കായി കസേരയും ധോനി ഏര്‍പ്പാട് ചെയ്തു നല്‍കി.  

ഇതോടെ നില്‍ക്കക്കള്ളിയില്ലാതെ ധോനിയുടെ അടുത്തിരുന്ന സാമിന്റെ തോളില്‍ കൈയ്യിട്ടുകൊണ്ട്‌ അദ്ദേഹം കുറേ ചോദ്യങ്ങള്‍ തിരിച്ചു ചോദിക്കാന്‍ തുടങ്ങി.താന്‍ വിരമിക്കണമെന്നാണോ താങ്കള്‍ പറയുന്നതെന്ന് ധോനി ചോദിച്ചു. അങ്ങനെയല്ല വിരമിക്കുന്നുണ്ടോ എന്നാണ് അറിയേണ്ടതെന്ന് റിപ്പോര്‍ട്ടറിന്റെ മറുപടി. എന്റെ കായികക്ഷമത നഷ്ടപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം. അമ്പരന്ന് പോയ സാം ഇല്ല എന്ന് മറുപടി നല്‍കി.

വിക്കറ്റുകള്‍ക്കിടയില്‍ കൂടിയുള്ള തന്റെ ഓട്ടം എങ്ങനെയുണ്ടെന്നായി ധോനിയുടെ അടുത്ത ചോദ്യം. നല്ല വേഗമായിരുന്നു എന്ന സാം. മറുപടി വന്നതിനു പിന്നാലെ സാമിനെ തകര്‍ത്ത അടുത്ത ചോദ്യം ധോനി ചോദിച്ചു. 2019ലെ ലോകകപ്പ് വരെ പിടിച്ചുനില്‍ക്കാന്‍ തനിക്കാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തീര്‍ച്ചയായും പിടിച്ചു നില്‍ക്കുമെന്നും അതുവരെയും കളി തുടരണമെന്നും സാം മറുപടി നല്‍കി. ഇതോടെ ധോനി ചിരിച്ചുകൊണ്ട് പറഞ്ഞു നിങ്ങളുടെ ചോദ്യത്തിന് ഉത്തരമായി എന്ന് പറഞ്ഞ് സാമിനെ മോചിപ്പിച്ചു.

താങ്കള്‍ തെറ്റായ സമയത്ത് തെറ്റായ ആയുധം പ്രയോഗിച്ചിരിക്കുന്നു എന്ന് ഉപദേശവും കൂട്ടത്തില്‍ തോളത്തൊരു തട്ടും. ഈ സമയമത്രയും വാങ്കഡെയില്‍ സിമ്മണ്‍സിന്റെ തല്ലുകൊണ്ടുവലഞ്ഞ ഹാര്‍ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും അവസ്ഥയിലായിലായിരുന്നു സാം ഫെറീസ്. ധോനിയുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട് പുറത്ത് വന്ന റിപ്പോര്‍ട്ടറിന്റെ മുഖത്ത് പുലിക്കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട ഭാവമായിരുന്നു. 2019ലെ ലോകകപ്പ് വരെ താന്‍ ക്രിക്കറ്റില്‍ തുടരുമെന്ന് പറയാതെ പറയുകയായിരുന്നു ധോനി.

LEAVE A REPLY

Please enter your comment!
Please enter your name here