ന്യൂഡല്‍ഹി: ഐ.പി.എല്ലിലെ ഏഴാമത്തെ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ഡയര്‍ ഡവിള്‍സിന് 8 വിക്കറ്റിന്റെ വിജയം. കിംഗ്‌സ് ഇലവന്‍ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം ആറോവര്‍ ബാക്കി നില്‍ക്കേയാണ് ഡല്‍ഹി മറികടന്നത്.

ടോസ് നേടിയ ഡല്‍ഹി കിംഗ്‌സ് ഇലവനെ ബാറ്റിംഗിനയക്കുകയായിരുന്നു.  ഓപ്പണര്‍ മന്നന്‍ വോഹ്‌റ ഒഴിച്ച് ആര്‍ക്കും തന്നെ പഞ്ചാബ് നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹി ബൗളര്‍മാര്‍ റണ്‍സ് നിഷേധിച്ചതോടെ ഇരുപതോവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനെ പഞ്ചാബിന് സാധിച്ചുള്ളൂ. 

മൂന്നോവറില്‍ പതിനൊന്ന് റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത അമിത് മിശ്രയാണ് പഞ്ചാബിന് കൂടുതല്‍ ആഘാതം സൃഷ്ടിച്ചത്. നാലോവറില്‍ പതിനാല് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ഡല്‍ഹി ക്യാപ്റ്റന്‍ സഹീര്‍ഖാന്റെ പ്രകടനവും ശ്രദ്ധേയമായി. 

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ഓപ്പണര്‍ ശ്രേയസ് അയ്യരെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും. പുറത്താക്കാതെ അര്‍ധസെഞ്ച്വറി നേടിയ ഡീകോക്ക് (42 പന്തില്‍ 59) ടീമിനെ വിജയത്തിലേക്ക്  നയിച്ചു. 32 റണ്‍സെടുത്ത  സഞ്ജു വി സാംസണ്‍ ഡീകോക്കിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ വിജയത്തിന് പന്ത്രണ്ട് റണ്‍സകലെ പട്ടേലിന്റെ പന്തില്‍ സഞ്ജു പുറത്തായി. 

നാല് വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയ അമിത് മിശ്രയാണ് മാന്‍ ഓഫ്  ദിമാച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here