തൃശ്ശൂര്‍: ആകാംക്ഷകള്‍ക്കെല്ലാം ഉത്തരമായി തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. എല്ലാ നിയന്ത്രണങ്ങളും പാലിച്ച് പകിട്ടില്‍ കുറവ് വരുത്താതെയായിരുന്നു സാമ്പിള്‍. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് വെടിക്കെട്ട് തുടങ്ങിയത്. 

വെള്ളിയാഴ്ച വൈകിട്ട് ഏഴിനായിരുന്നു സാമ്പിള്‍ വെടിക്കെട്ടിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ എ.ഡി.എമ്മില്‍നിന്ന് അനുമതി ലഭിക്കാന്‍ 7.15 കഴിഞ്ഞു. ഇതിന് ശേഷമാണ് വെടിക്കെട്ടുപുരകളില്‍നിന്ന് സാമഗ്രികള്‍ ഇറക്കാന്‍ പോലീസ് അനുവദിച്ചത്. 

വര്‍ണ്ണപ്പൊലിമയില്‍ ഒട്ടും കുറവ് വരുത്താതെയാണ് ഇരുവിഭാഗങ്ങളും അമിട്ടുകള്‍ക്ക് തിരികൊളുത്തിയത്. പാറമേക്കാവ് വിഭാഗമാണ് സാമ്പിള്‍ വെടിക്കെട്ടിന് ആദ്യം തിരികൊളുത്തിയത്. 

കൊല്ലം പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആകാശത്ത് അമിട്ടിനൊപ്പം ദീപവും തെളിയിച്ചു. ശക്തമായ സുരക്ഷയാണ് വെടിക്കെട്ടിന് ഒരുക്കിയിരുന്നത്. സ്വരാജ് റൗണ്ടില്‍ വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിലുകള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. പോലീസും അഗ്‌നിശമനസേനയും ആംബുലന്‍സുകളും കര്‍ശന സുരക്ഷയാണ് ഒരുക്കിയിരുന്നു. ഞായറാഴ്ചയാണ് പൂരം. 

LEAVE A REPLY

Please enter your comment!
Please enter your name here