മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത് വാദയെ കൊടും വരള്‍ച്ചയില്‍ നിന്നും രക്ഷപെടുത്തുന്നതിന് ഒരു കൈ സഹായവുമായി ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും എത്തുന്നു. ഇതിന്റെ മുന്നോടിയായി അദ്ദേഹം കഴിഞ്ഞ ദിവസം മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി കൂടിക്കാഴ്ച നടത്തി. പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിര്‍മാതാക്കളായ പെപ്‌സികോയുമായി ചേര്‍ന്നാണ് സച്ചിന്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക.

മുഖ്യമന്ത്രി ഫട്‌നാവിസ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. “ഭാരത് രത്‌ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത് വളരെയധികം സന്തോഷകരമാണ്. അദ്ദേഹവും പെപ്‌സികോയും സംയുക്തമായി മറാത്ത് വാദയിലെ വരള്‍ച്ചാ ദുരിതാശ്വാസത്തിന് ഒരു പദ്ധതി തയ്യാറാക്കുകയാണ്.” ട്വീറ്റില്‍ പറയുന്നു. എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

ജലക്ഷാമം മൂലം ദുരിതം അനുഭവിക്കുന്ന മറാത്ത് വാഡയിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി രംഗത്തെത്തിയ നാലാമത്തെ സെലിബ്രിറ്റി താരമാണ് സച്ചിന്‍. നേരത്തെ നടന്‍മാരായ നാനാ പടേക്കര്‍, മകരന്ദ് അനസ്പുരെ എന്നിവര്‍ മാസങ്ങള്‍ക്ക് മുന്‍പ് നാം എന്നൊരു സംഘടന രൂപീകരിച്ചു. ബോളിവുഡ് നടന്‍ ആമിര്‍ ഖാനും അദ്ദേഹത്തിന്റെ പാനി എന്ന എന്‍ജിഒയും വരള്‍ച്ച അനുഭവിക്കുന്ന 120 വില്ലേജുകളില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നു. അടുത്തിടെ നടന്‍ അക്ഷയ് കുമാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ജല്‍യുക്ത് ശിവാര്‍ പദ്ധതിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here