ഹോങ്കോങ്: ദക്ഷിണചൈനാ കടലിൽ ചൈന ആണവനിലയം ഉൾക്കൊള്ളുന്ന കപ്പലുകൾ നിയോഗിക്കും. മേഖലയിലെ തർക്കദ്വീപുകളിൽ ചൈന സ്ഥാപിച്ച റഡാറുകൾ, ലൈറ്റ് ഹൗസുകൾ, സൈനിക ബാരക്കുകൾ, തുറമുഖങ്ങൾ, വ്യോമത്താവളങ്ങൾ എന്നിവക്ക് വലിയ തോതിൽ വൈദ്യുതി ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഇത്. പൊതുമേഖലാ കമ്പനിയായ ചൗന ഷിപ്പ് ബിൽഡിംഗ് ഇൻഡസ്‌ട്രി കോർപ്പറേഷനാണ് ഒഴുകും ആണവനിലയങ്ങൾ നിർമ്മിക്കുക.

രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശത്ത് നിന്ന് ഏറെ അകലെയായതിനാലാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. ചൈനീസ് ദിനപത്രമായ ഗ്ലോബൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. കൂടുതൽ ആണവനിലയങ്ങൾ സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. 2015-20 വർഷത്തെ പഞ്ചവത്സര പദ്ധതിയിൽ ഇത് ഊന്നി പറയുന്നുണ്ട്, നിലവിൽ ലോകത്ത് ഏറ്റവുമധികം ആണവനിലയങ്ങൾ നിർമ്മാണത്തിലിരിക്കുന്നത് ചൈനയിലാണ്. ഇതാദ്യമായല്ല ഒരു രാജ്യം ഒഴുകും ആണവനിലയങ്ങൾ നിർമ്മിക്കുന്നത്. 1960കളിൽ പനാമ കനാൽ മേഖലകളിൽ അമേരിക്ക ഇത് ഉപയോഗിപ്പെടുത്തിയിരുന്നു. അതേ സമയം ചുഴലിക്കൊടുങ്കാറ്റ് സജീവമായ മേഖലയാണ് ദക്ഷിണ ചൈനാ കടൽ. കലുഷിതമായ മേഖലയിൽ കപ്പൽ ആണവനിലയങ്ങളുടെ പ്രവർത്തനം എത്രത്തോളം സുഗമമാകും എന്ന ആശങ്ക ശക്തമാണ്.

ജപ്പാൻ, ദക്ഷിണകൊറിയ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾ കൂടി അവകാശവാദം ഉന്നയിക്കുന്ന മേഖല ചൈനയും ഈ രാജ്യങ്ങളും തമ്മിലും അമേരിക്കയുമായും നിരന്തര സംഘർഷങ്ങൾക്ക് ഇടയാക്കിയിരുന്നു. ചൈന ഇവിടെ മണ്ണിട്ട് കൃത്രിമ ദ്വീപുകൾ നിർമ്മിച്ചിട്ടുണ്ട്. തങ്ങളുടെ സമുദ്രാതിർത്തിയെന്ന ചൈന അവകാശപ്പെടുന്ന പ്രദേശത്ത് കൂടി അമേരിക്കൻ നാവികസേന കപ്പലുകൾ പട്രോളിംഗ് നടത്തിയത് വലിയ തോതിൽ സംഘർഷാവസ്ഥയുണ്ടാക്കിയിരുന്നു. ദ്വീപുകളിൽ ചൈന റഡാർ സംവിധാനം സ്ഥാപിക്കുകയും മിസൈൽ വിന്യാസം നടത്തുകയും ചെയ്‌തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here