ദുബായ്: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനേയും ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും ഐസിസിയുടെ ക്രിക്കറ്റ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു.  അടുത്ത മൂന്ന് വര്‍ഷത്തേക്കാണ്  ഇരുവരെയും തിരഞ്ഞെടുത്തിരിക്കുന്നത്‌.  നിലവില്‍ രാഹുല്‍ ദ്രാവിഡ്  ഇന്ത്യന്‍ അണ്ടര്‍ 19 ടീം കോച്ചും  ജയവര്‍ധനെ ഇംഗ്ലണ്ട്  ടീമിന്റെ  ബാറ്റിങ്  ഉപദേഷ്ടാവുമാണ്

ഇന്ത്യന്‍ മുന്‍ താരം അനില്‍ കുംബ്ലെയെ മൂന്ന് വര്‍ഷത്തേക്ക്  ഐസിസി കമ്മിറ്റി ചെയര്‍മാനായി വീണ്ടും തിരഞ്ഞെടുത്തു. വിരമിച്ച അമ്പയര്‍ സ്റ്റീവ് ഡേവിസിന്‌  പകരം ഇംഗ്ലീഷ് അമ്പയര് റിച്ചാര്‍ഡ്  കെറ്റില്‍ബെറോയെ അമ്പയര്‍മാരുടെ  പ്രതിനിധിയായി തിരഞ്ഞെടുത്തു.   മൂന്ന് തവണ ഐസിസി അമ്പയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വാങ്ങിയ അമ്പയറാണ്‌ കെറ്റില്‍ബെറോ. 

ദ്രാവിഡിനൊപ്പം  ഫെഡറേഷന്‍  ഓഫ് ഇന്റര്‍നാഷണല്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് ടിം മെയും ഐസിസി ക്രിക്കറ്റ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാര ഇന്ത്യയുടെ ലെഗ്‌സ്പിനര്‍ എല്‍. ശിവരാമകൃഷ്ണന്‍ എന്നിവരുടെ കാലാവധി തീര്‍ന്നതോടെയാണ്  ഇവരെ തിരഞ്ഞെടുത്തത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലറിന് പകരമാണ് ജയവര്‍ധനയെ ഐസിസി ക്രിക്കറ്റ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തത്‌.

 ക്രിക്കറ്റിലെ നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഈ കമ്മിറ്റിയായിരിക്കും. കമ്മിറ്റി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ഐസിസി പരിശോധിച്ച ശേഷം അംഗീകാരം നല്‍കും.

2015 ലോകകപ്പില്‍ റണ്‍സ് ഒഴുകാന്‍ കാരണം ഫില്‍ഡിങ് നിയന്ത്രണം മൂലമാണെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് ചേര്‍ന്ന കമ്മിറ്റി വീണ്ടും ചില പരിഷ്‌കാരങ്ങള്‍ വരുത്തി. അവസാന 10 ഓവറുകളില്‍ ഒരു ഫില്‍ഡര്‍ക്ക് ഉള്ളിലെ സര്‍ക്കിളിന് പുറത്ത് നില്‍ക്കാമെന്ന് നിര്‍ദ്ദേശം കൊണ്ടു വന്നു ഐസിസി ഒരു മാസത്തിന് ശേഷം ആ നിര്‍ദ്ദേശം അംഗീകരിച്ചു.

ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ അടുത്ത കൂടിക്കാഴ്ച്ച മെയ് 31 ജൂണ്‍ 1 തിയതികളില്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടക്കും. മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം ഐസിസിയുടെ വാര്‍ഷിക കൂടിക്കാഴ്ച്ച സ്‌കോട്ടലന്‍ഡില്‍ നടക്കും.