തിരുവനന്തപുരം∙ ആവേശകരമായ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. ഒപ്പത്തിനൊപ്പം മുന്നണികൾ പൊരുതുന്ന പടക്കളത്തിൽ ഉദ്വേഗം അതിന്റെ പാരമ്യത്തിൽ. ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന ചോദ്യവും രാഷ്ട്രീയകേരളത്തിനു മുന്നിൽ. മദ്യനയത്തിൽ തുടങ്ങി, അഴിമതിയും അക്രമരാഷ്ട്രീയവും വർഗീയതയും ബിജെപി ബാന്ധവവും ജിഷാ വധവും ഒടുവിൽ പ്രധാനമന്ത്രിയുടെ സൊമാലിയ പ്രയോഗവും ഉൾപ്പെടെ വിഷയങ്ങൾ മാറിമറിഞ്ഞ പ്രചാരണവേദിക്കാണു കൊടിയിറക്കം.

കടുത്ത വേനലിൽ രണ്ടര മാസത്തോളംനീണ്ട പ്രചാരണം. ഒടുവിൽ തിങ്കളാഴ്ച വിധിയെഴുത്ത്. ഭരണത്തുടർച്ചയ്ക്കായി ഒരു വോട്ട് എന്ന ആത്മവിശ്വാസത്തോടെ യുഡിഎഫ് ജനങ്ങളെ സമീപിച്ചു. സർക്കാരിനെതിരെ ജനാഭിപ്രായം സ്വരൂപിക്കണമെന്ന കണക്കുകൂട്ടലിൽ ഇടതു മുന്നണിയും. ഇരുവരെയും കുഴപ്പിക്കുന്നതു കേന്ദ്രാധികാര സ്വാധീനത്തോടെ ബിജെപി–ബിഡിജെഎസ് കൂട്ടുകെട്ടിന്റെ സാന്നിധ്യം.

മുന്നണി കേന്ദ്രീകൃതമായ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അതോടെ മുൻപില്ലാത്ത രാഷ്ട്രീയ കാൻവാസിലായി– നാൽപ്പതിലേറെ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണമത്സരം. ഇവിടെ ആര് രണ്ടാമതെത്തും എന്നത് യുഡിഎഫ്–എൽഡിഎഫ് സാധ്യതകളെത്തന്നെ ബാധിക്കാമെന്ന പ്രതീതി. കഴിഞ്ഞ തവണ 72 സീറ്റ് നേടിയ യുഡിഎഫ് 75–80 സീറ്റ് പ്രതീക്ഷിക്കുന്നു. 2011ൽ 68 സീറ്റ് നേടിയ എൽഡിഎഫ് എൺപതിൽ കൂടുതൽ കണക്കുകൂട്ടുന്നു. സമുദായ വോട്ടുകളിൽ ബിജെപി വിള്ളലുണ്ടാക്കുമെന്നു വന്നതോടെ ന്യൂനപക്ഷ വോട്ടുകളും ഇക്കുറി കൂടുതൽ നിർണായകം.

കവലപ്രസംഗങ്ങളെക്കാൾ സമൂഹമാധ്യമങ്ങളിലൂടെ നേതാക്കൾ വാക്പോരിനു തുനിഞ്ഞ തിരഞ്ഞെടുപ്പ് എന്നതും പ്രത്യേകത. ഉമ്മൻ ചാണ്ടിയും വി.എസ്.അച്യുതാനന്ദനും വി.എം. സുധീരനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനുമെല്ലാം ഫെയ്സ് ബുക്കിൽ ദിവസേന പോർമുഖം തുറന്നു. ഈ സൈബർ പോരാട്ടം മാധ്യമങ്ങളും ഏറ്റെടുത്തു.

കഴിഞ്ഞ അഞ്ചുവർഷം ചെയ്ത വികസനത്തിനും അതിന്റെ തുടർച്ചയ്ക്കുമുള്ള വോട്ടാണ് യുഡിഎഫ് അഭ്യർഥിക്കുന്നത്. സിപിഎമ്മിന്റെ അക്രമത്തിനും ബിജെപിയുടെ വർഗീയതയ്ക്കും എതിരായിക്കൂടിയാണ് അവരുടെ വോട്ട്‌തേടൽ. വികസനത്തിന്റെ പേരിൽ നാട്ടിയ അഴിമതിയുടെ കൊടി പിഴുതുമാറ്റാനും തുല്യനീതിക്കും വികസനത്തിനും വർഗീയതയ്ക്ക് എതിരെയും വോട്ട് തരാൻ എൽഡിഎഫ് അഭ്യർഥിക്കുന്നു. ഇരുമുന്നണികളും മാറിമാറി ഭരിച്ച കേരളത്തെ കരകയറ്റാൻ വോട്ട് തേടി ബിജെപിയും.

പരസ്യപ്രചാരണം വൈകിട്ട് ആറു വരെ

പോളിങ് വൈകിട്ട് ആറു വരെ നീട്ടിയതിൽ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു വൈകിട്ട് ആറു വരെ നീട്ടിയിട്ടുണ്ട്. മറ്റന്നാൾ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്. 19നു പ്രഖ്യാപനം. ഇന്നത്തെ കലാശക്കൊട്ടിൽ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ കർശന സുരക്ഷയൊരുക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ പൊലീസിനോടു നിർദേശിച്ചു. പോളിങ് സുഗമമാക്കാൻ 3142 ബൂത്തുകളിൽ വെബ് കാസ്റ്റിങ്. ഏറ്റവും കൂടുതൽ കണ്ണൂരിലാണ്; 1054. ജില്ലാ ആസ്ഥാനങ്ങളിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലും വെബ് കാസ്റ്റിങ് നിരീക്ഷിക്കാൻ സൗകര്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here