ഉമ്മൻ ചാണ്ടി

പുതുപ്പള്ളിയെയും പുതുപ്പള്ളിക്കാരെക്കുറിച്ചും ഉമ്മൻ ചാണ്ടിക്കു തീരെ ആശങ്കയില്ല. ഇന്നുകൂടി ചേർത്താൽ അദ്ദേഹം അവിടെ മുഴുവൻസമയ പ്രചാരണത്തിനുണ്ടായിരുന്നതു മൂന്നുദിവസം. ഞായറാഴ്ചകളിൽ പതിവുപോലെ ‘കുഞ്ഞൂഞ്ഞ്’ പുതുപ്പള്ളിയിൽ തന്നെ. മറ്റുദിവസങ്ങളിൽ ഓട്ടത്തോട് ഓട്ടവും. യുഡിഎഫിനായി എല്ലായിടത്തും ഇക്കുറി ഓളം സൃഷ്ടിച്ചതും മുഖ്യമന്ത്രി തന്നെ.

ഏപ്രിൽ 29നു നാമനിർദേശപത്രിക സമർപ്പിച്ചിട്ടു പുതുപ്പള്ളി വിട്ടതാണു മുഖ്യമന്ത്രി. പിന്നെ ഏഴിനും പത്തിനുമായിരുന്നു ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ പ്രചാരണം നടത്തിയത്. നാലു പഞ്ചായത്തുകൾ വീതം രണ്ടുദിവസം കൊണ്ട് ഓടിത്തീർത്തു. രാവിലെ ഏഴു മുതൽ രാത്രി 11.45 വരെ രണ്ടുദിവസവും പര്യടനം നീണ്ടു. പത്തിനു മൈക്ക് ഓഫ് ചെയ്ത ശേഷമാണു പൂർത്തിയാക്കിയത്. ഓരോ പഞ്ചായത്തിലും 20 പോയിന്റുകൾ ക്രമീകരിച്ചു. ഇപ്രാവശ്യം വൻജനക്കൂട്ടമായിരുന്നു ഓരോ പോയിന്റിലും. ഇന്നു വരുന്നതു പ്രധാനമായും കെപിസിസി പ്രസിഡന്റ് സുധീരന്റെ പുതുപ്പള്ളിയിലെ യോഗത്തിൽ പങ്കെടുക്കാനാണ്.

എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിൽ പള്ളിയിലും വീട്ടിലും ജനത്തിരക്കുണ്ടെങ്കിലും പത്തുമണിയോടെ മറ്റു ജില്ലകളിലേക്കു പോകും. പോകുന്ന പോക്കിൽ എല്ലാ മരണവീട്ടിലും മറ്റും കയറുന്ന പതിവുരീതിക്കു മാറ്റമില്ല.

വി.എസ്. അച്യുതാനന്ദൻ

മുൻപെങ്ങുമില്ലാത്ത വിധം മലമ്പുഴയിൽ തമ്പടിച്ചു ഇക്കുറി വിഎസ്. മറ്റു ജില്ലകളിലെ പര്യടനത്തിനുശേഷം നാലാം തീയതി സ്വന്തം മണ്ഡലത്തിലെത്തിയ വിഎസ് പിന്നീടു ‘മലമ്പുഴസ്ഥാനാർഥി’ ആയി ഏറക്കുറെ മാറി.

രാഷ്ടീയ ആക്രമണങ്ങൾക്ക് അദ്ദേഹം ആശ്രയിച്ചതു പ്രസ്താവനകളെയും ലേഖനങ്ങളെയും ഫെയ്സ്ബുക്കിനെയും. പടനായകനെ പ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ മറ്റിടങ്ങളിലൊന്നും കിട്ടാത്തതിന്റെ നിരാശയിലായി ഇതോടെ മറ്റു സ്ഥാനാർഥികൾ.

മാർച്ച് ആദ്യം തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ആകെ ഇരുപതുദിവസത്തോളം വിഎസ് മലമ്പുഴയിൽ തന്നെ ഉണ്ടായി. പ്രവർത്തകരുടെ യോഗം ആദ്യം വിളിച്ച വിഎസ് പിന്നീടു തിരഞ്ഞെടുപ്പു കൺവൻഷനു പുറമേ പഞ്ചായത്തു കൺവൻഷനുകളിലും അനവധി കുടുംബയോഗങ്ങളിലും പങ്കെടുത്തു. മുഖ്യമന്ത്രിയായിരിക്കേ കഴിഞ്ഞതവണ മത്സരിച്ച വേളയിൽ ഏതാണ്ടു പത്തുദിവസത്തോളം മാത്രമേ വിഎസ് മണ്ഡലത്തിലുണ്ടായിരുന്നുള്ളൂ. പുലർച്ചെ പ്രഭാതനടത്തത്തോടെ തന്നെ വോട്ടുതേടൽ ആരംഭിച്ച വിഎസ് രാവിലെയും വൈകിട്ടും പര്യടനങ്ങളും നടത്തിപ്പോന്നു. ഒരു ദിവസം പാലക്കാട്ടെ തന്നെ മറ്റിടങ്ങളിൽ വോട്ടുതേടി. പ്രചാരണം തീർന്നാൽ വോട്ടിടാനായി ആലപ്പുഴയ്ക്ക്. 

 

LEAVE A REPLY

Please enter your comment!
Please enter your name here