ബേസല്‍: യൂറോപ ലീഗില്‍ സ്പാനിഷ് ക്ളബ് സെവിയ്യക്ക് ചരിത്രനേട്ടം. ബേസലില്‍ നടന്ന ഫൈനലില്‍ ഇംഗ്ളീഷ് ക്ളബ് ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്നു ഗോളിനു തോല്‍പ്പിച്ച് സെവിയ്യ തുടര്‍ച്ചയായി മൂന്നാം തവണ യൂറോപയില്‍ മുത്തമിട്ടു. സെവിയ്യ ഇത് അഞ്ചാം തവണയാണ് യൂറോപയില്‍ കിരീടം ചൂടുന്നത്. മറ്റൊരു ടീമിനും കൈവരിക്കാനാകാത്ത നേട്ടം. 

കടുത്ത പോരാട്ടമായിരുന്നു ബേസിലിലെ ജേക്കബ് പാര്‍ക്കില്‍.  ലിവര്‍പൂള്‍ ലീഡ് നേടിയശേഷം സ്വയം തുലച്ചു. സെവിയ്യനിരയില്‍ കോകെ ഇരട്ടഗോളുമായി തിളങ്ങി.

തുടക്കത്തില്‍ ലിവര്‍പൂള്‍ അല്‍പ്പം മേധാവിത്തം നേടി. ഏഴാം മിനിറ്റില്‍ എമറി കാനിന്റെ മുന്നേറ്റം സെവിയ്യ ഗോളി ഡേവിഡ് സോറിയയുടെ കൈയില്‍ അവസാനിച്ചു. പിന്നാലെ ഡാനിയേല്‍ സ്റ്റുറിഡ്ജും സെവിയ്യയെ ഭയപ്പെടുത്തി. ഇടവേളയ്ക്കു പിരിയുന്നതിന് തൊട്ടുമുമ്പ് ലിവര്‍പൂള്‍ ലീഡ് നേടി. തകര്‍പ്പനൊരു നീക്കത്തിനൊടുവില്‍ സ്റ്റുറിഡ്ജ് ഇടങ്കാല്‍കൊണ്ട് തൊടുത്ത അടി സോറിയയോയെ മറികടന്നു. റോബര്‍ട്ടോ ഫിര്‍മിനോയും ഫിലിപ്പ് കൌടീന്യോയും ചേര്‍ന്നാണ് ഗോളിന് വഴിയൊരുക്കിയത്. ലിവര്‍പൂള്‍ ആത്മവിശ്വാസത്തോടെ പന്തു തട്ടി. പക്ഷേ, ഇടവേളയ്ക്കു പിരിയുന്നതിന് തൊട്ടുമുമ്പ് സെവിയ്യ ഒപ്പമെത്തി. ആല്‍ബെര്‍ട്ടോ മൊറേനോയുടെ പിഴവാണ് സെവിയ്യക്ക് സമനില സമ്മാനിച്ചത്. മൊറേനോയുടെ ദുര്‍ബലമായ ഹെഡര്‍ മറിയാനോ ഫെരേരയ്ക്കാണ് കിട്ടിയത്. ഫെരേയ്രോ  കെവിന്‍ ഗമെയ്റോയ്ക്ക് പന്ത് തട്ടി. ഗമെയ്റോ എളുപ്പത്തില്‍ ലക്ഷ്യം നേടി.

ഇടവേളയ്ക്കുശേഷം സെവിയ്യ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. വിറ്റോലോയും എവെര്‍ ബനേഗയും ചേര്‍ന്നുള്ള നീക്കങ്ങള്‍  ലിവര്‍പൂള്‍ പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. ഇടയ്ക്ക് ലിവര്‍പൂള്‍ ഗോളി സിമോണ്‍ മിനോലെറ്റ് രക്ഷകനായി. 63–ാം മിനിറ്റില്‍ വിറ്റോലോയും ബനേഗയും ചേര്‍ന്നൊരുക്കിയ അവസരത്തില്‍  കോകെ സെവിയ്യക്ക് ലീഡൊരുക്കി. അഞ്ചു മിനിറ്റിനുള്ളില്‍ കോകെയുടെ മറ്റൊരു തകര്‍പ്പന്‍ ഗോള്‍ സെവിയ്യയുടെ കിരീടം ഉറപ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here