കൊച്ച: താരമണ്ഡലങ്ങളും താരമല്‍സരങ്ങളും ശ്രദ്ധനേടിയ ഈ തെരഞ്ഞെടുവില്‍ മിന്നിതിളങ്ങിയത് മുകേഷും കെ ബി ഗണേഷ് കുമാറും വീണാ ജോര്‍ജും.
കൊല്ലത്ത് സിപിഐ എം സ്ഥാനാര്‍ത്ഥിയായി ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തില്‍ മല്‍സരിച്ച നടന്‍ മുകേഷ് 17611 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ സൂരജ് രവിയെയാണ് തോല്‍പ്പിച്ചത്.

താരപോരാട്ടം നടന്ന പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് ബി യിലെ കെ ബി ഗണേഷ്കുമാര്‍ മണ്ഡലം നിലനിര്‍ത്തി. ഇവിടെ നടന്‍മാരായ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും ഭീമന്‍ രഘു ബിജെപി സ്ഥാനാര്‍ത്ഥിയായും രംഗത്തുണ്ടായിരുന്നു. 74429 വോട്ട് നേടിയ ഗണേഷ്കുമാറിന് 24562 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ജഗദീഷ് 49867 വോട്ടും ഭീമന്‍ രഘു 11700 വോട്ടും നേടി.

കടുത്ത ത്രികോണ മല്‍സരം നടന്ന ആറന്‍മുളയില്‍ മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ് താരമായി. സിപിഐ എം സ്ഥാനാര്‍ത്ഥിയായ വീണ 7646 വോട്ടിനാണ് കോണ്‍ഗ്രസിലെ  കെ ശിവദാസന്‍ നായരെ തോല്‍പ്പിച്ചത്. ബിജെപി നേതാവായ എം ടി രമേശ് മൂന്നാം സ്ഥാനത്താണ്.

ബിജെപിയുടെ താര സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മല്‍സരിച്ച ക്രിക്കറ്റ് താരം ശ്രീശാന്ത് മൂന്നാംസ്ഥാനത്തേക്ക് തള്ളിപ്പോയി. കോണ്‍ഗ്രസിലെ വി എസ് ശിവകുമാര്‍ ഇവിടെ മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  ആന്റണി രാജു രണ്ടാം സ്ഥാനത്താണ്.

കടുത്ത മല്‍സരം നടന്ന അഴിക്കോട് മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാര്‍ മുസ്ലിംലീഗിലെ കെ എം ഷാജിയോട് തോറ്റു. 2287 വോട്ടിനാണ് തോറ്റത്.
സംവിധായകനും നടനുമായ രാജസേനന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അരുവിക്കരയില്‍ ഉണ്ടായിരുന്നെങ്കിലും ഇവിടെ  കോണ്‍ഗ്രസിലെ ശബരീനാഥ് 21314 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. രാജസേനന്‍ 20290 വോട്ട് നേടി.

എല്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കൊടുവള്ളിയില്‍ മല്‍സരിച്ച സംവിധായകന്‍ അലി അക്ബര്‍ മൂന്നാം സ്ഥാനത്താണ് എല്‍ഡിഎഫ് സ്വതന്ത്രന്‍ കാരാട്ട് റസാഖാണ് ഇവിടെ വിജയിച്ചത്.
 

LEAVE A REPLY

Please enter your comment!
Please enter your name here