ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളല്ലൊം ‘പ്രിസ്മ’ പടങ്ങള്‍ കൊണ്ട് നിറയുകയാണിപ്പോള്‍. സാദാ പടങ്ങളെ മാന്ത്രികവിദ്യയാലെന്ന വിധം മോഡേണ്‍ ആര്‍ട്ട് ചിത്രങ്ങളാക്കി മാറ്റുന്ന ഈ മൊബൈല്‍ ആപ്ലിക്കേഷനാണ് ടെക്‌ലോകത്തെ പുതിയ തരംഗം. പത്തുലക്ഷത്തിലേറെപ്പേര്‍ ഇതിനകം പ്രിസ്മ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു.
നിലവില്‍ ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലേ ( iOS ) പ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഐഫോണ്‍ ഉപയോക്താക്കളാണ് ഇപ്പോള്‍ ‘പ്രിസ്മ’ ( Prisma ) കൊണ്ട് വിലസുന്നത്. ഉടന്‍ തന്നെ സംഭവം ആന്‍ഡ്രോയ്ഡിലേക്കും വരുമെന്ന് കേള്‍ക്കുന്നു. പ്രിസ്മയുടെ ജനപ്രീതി ദിനംപ്രതി വര്‍ധിക്കുന്നതിനിടെ ഇതാ പുതിയ വാര്‍ത്തയെത്തിയിരിക്കുന്നു. പ്രിസ്മ ആപ്പ് ഉപയോഗിച്ച് വീഡിയോ ദൃശ്യങ്ങളെ അനിമേഷന്‍ സമാനദൃശ്യങ്ങളാക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണത്രേ. താമസിയാതെ ഇതിനുള്ള ആപ്പ് പുറത്തിറക്കുമെന്നും പ്രിസ്മയുടെ അണിയറ ശില്പികള്‍ ഉറപ്പ് നല്‍കുന്നു.
ff
‘പ്രിസ്മ’ ആപ്പ് ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ ആദ്യം കണ്ടപ്പോള്‍ ഇതിലെന്താണിത്ര അദ്ഭുതമെന്നായിരുന്നു ടെക് വിദഗധരുടെ പ്രതികരണം. വിവിധ തരത്തിലുളള ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് ഫോട്ടോകളില്‍ മാറ്റം വരുത്താവുന്ന സാങ്കേതികവിദ്യ ഏതാണ്ടെല്ലാ സ്മാര്‍ട്‌ഫോണുകളിലുമുണ്ട്. ഇന്‍സ്റ്റഗ്രാം പോലുള്ള ഫോട്ടോഷെയറിങ് സൈറ്റുകളിലും ഇതിനുള്ള സൗകര്യമുണ്ട്. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തവും മികവുള്ളതുമായ ചിത്രങ്ങളായിരുന്നു പ്രിസ്മയില്‍ നിന്ന് ലഭിച്ചത്. ശരിക്കുമൊരു ക്ലാസിക് പെയിന്റിങ് കാണുന്നതുപോലുള്ള അനുഭവം. അതുകൊണ്ടായിരിക്കും ‘പ്രിസ്മ’ പെട്ടെന്ന് സ്വീകാര്യത നേടി. എന്തുകൊണ്ടാണ് ‘പ്രിസ്മ’യക്ക് ഇത്ര സ്വീകാര്യത? അതിനുത്തരം അലക്‌സി മൊയ്‌സീന്‍കോവ് എന്ന 25 കാരന്‍ പറയും. അലക്‌സിയും നാല് സുഹൃത്തുക്കളും ചേര്‍ന്ന് റഷ്യയില്‍ നടത്തുന്ന സ്റ്റാര്‍ട്ട് സംരംഭമാണ് പ്രിസ്മ വികസിപ്പിച്ചെടുത്തത്.
hm
‘ഇന്‍സ്റ്റഗ്രാമിലും മറ്റ് ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനുകളിലും ചെയ്യുന്നതുപോലെ ഫോട്ടോയ്ക്ക് മുകളില്‍ ഒരു ഫില്‍ട്ടറിടുകയല്ല പ്രിസ്മ ചെയ്യുന്നത്. നിങ്ങള്‍ തരുന്ന ഫോട്ടോ കൃത്യമായി പഠിച്ച് പുതിയതൊന്ന് വരയ്ക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (നിര്‍മിതബുദ്ധിയും) ന്യൂറല്‍ നെറ്റ്‌വര്‍ക്കും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്”- പ്രിസ്മയുടെ രഹസ്യം അലക്‌സി വെളിപ്പെടുത്തുന്നു.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫോട്ടോയെ പെയിന്റിങാക്കി മാറ്റുന്ന പ്രിസ്മ ആപ്ലിക്കേഷന്‍ ചിത്രകാരന്മാരുടെ പണി കളയുമെന്ന വിമര്‍ശനം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞു. ഇത്തരം വിമര്‍ശനങ്ങളൊന്നും പ്രിസ്മ സ്ഥാപകര്‍ കാര്യമാക്കുന്നില്ല. ”ജനങ്ങള്‍ക്ക് പുതുതായെന്തെങ്കിലും ചെയ്യാന്‍ ഇഷ്ടമാണ്. ഞങ്ങളവരെ സഹായിക്കുന്നു എന്ന് മാത്രം”- അലക്‌സി നയം വ്യക്തമാക്കുന്നു. അടുത്ത ഘട്ടമായി വീഡിയോ ദൃശ്യങ്ങള്‍ പ്രിസ്മയുപയോഗിച്ച് മാറ്റിമറിക്കാനുള്ള ശ്രമത്തിലാണ് അലക്‌സിയും കൂട്ടുകാരും. പ്രിസ്മയുടെ വീഡിയോ ആപ്പ് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം അലക്‌സി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കൃത്യമായ റിലീസ് തീയതി വെളിപ്പെടുത്തിയില്ലെങ്കിലും പ്രിസ്മ വീഡിയോ ആപ്പ് ഏറെ വൈകാതെ പുറത്തിറങ്ങുമെന്ന് അലക്‌സി സൂചിപ്പിക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here