മുന്‍ ഇന്ത്യന്‍ നായകന്‍ ഐ.എം വിജയന്റെ പേരില്‍ തൃശൂര്‍ ലാലൂരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും സ്‌പോര്‍ട്‌സ് കോംപ്ലക്‌സും സര്‍ക്കാര്‍ നിര്‍മിക്കുന്നു. 70 കോടി ചെലവഴിച്ചാണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ഇന്‍ഡോര്‍ സ്റ്റേഡിയവും ഒരുക്കുന്നതെന്നു കായിക മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ലാലൂരില്‍ കോര്‍പറേഷന്‍ സര്‍ക്കാരിനു കൈമാറിയ 15 ഏക്കറോളം സ്ഥലത്ത് കിഫ്ബില്‍ ഉള്‍പ്പെടുത്തിയാണ് ഐ.എം വിജയന്റെ പേരില്‍ പദ്ധതി നടപ്പാക്കുന്നത്.
മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, സിന്തറ്റിക് ഫുട്‌ബോള്‍ സ്റ്റേഡിയം, അസ്‌ട്രോ ടര്‍ഫ് ഹോക്കി സ്റ്റേഡിയം, രണ്ടു ടെന്നീസ് കോര്‍ട്ടുകള്‍, നീന്തല്‍ക്കുളം എന്നിവയും ഉണ്ടായിരിക്കും. ഇതിനു പുറമേ കണ്‍വെന്‍ഷന്‍ സൗകര്യം, ട്രെയിനിങ് ഹോസ്റ്റലുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയും നിര്‍മിക്കും. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹാന്‍ഡ്‌ബോള്‍, ബാഡ്മിന്റണ്‍, വോളീബോള്‍, ടേബിള്‍ ടെന്നീസ്, ഗുസ്തി, ബോക്‌സിങ് തുടങ്ങിയ ഇനങ്ങള്‍ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കും.
പദ്ധതി നടത്തിപ്പു സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ഇന്നലെ കായിക മന്ത്രിയുടെ ചേംബറില്‍ നടന്നു. യോഗത്തില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here