നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് നിയമസഭയില്‍ എടപ്പാടി പളനിസാമി വിശ്വാസവോട്ടുനേടി. 122 പേര്‍ പളനിസാമിയെ അനുകൂലിച്ചു വോട്ടുചെയ്തപ്പോള്‍ 11 പേര്‍ എതിര്‍ത്തു. പനീര്‍ശെല്‍വം വിഭാഗമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. നേരത്തെ ഡിഎംകെ അംഗങ്ങളെ സഭയില്‍നിന്ന് പുറത്താക്കിയിരുന്നു.

പ്രതിപക്ഷാംഗങ്ങളെയെല്ലാം പുറത്താക്കിയ ശേഷമാണ് പളനിസാമി വിശ്വാസവോട്ട് തേടിയത്. ബഹളം മൂലം രണ്ടു തവണ നിര്‍ത്തിവച്ച സഭയില്‍ പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷാ ജീവനക്കാര്‍ ബലംപ്രയോഗിച്ചു നീക്കുകയായിരുന്നു.

പ്രതിപക്ഷാംഗങ്ങളെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പനീര്‍ശെല്‍വം ആരോപിച്ചു.

സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ പുനരാരംഭിച്ച ശേഷവും സംഘര്‍ഷം തുടരുകയായിരുന്നു. സംഘര്‍ഷം തുടര്‍ന്ന സാഹചര്യത്തില്‍ സഭ മൂന്നു മണിവരെ നിര്‍ത്തിവച്ചിരുന്നു.  

ഇതിനിടെ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ ഡി.എം.കെ എം.എല്‍.എമാര്‍ സഭയ്ക്കുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ബലം പ്രയോഗിച്ച് നീക്കി.

തന്റെ ഷര്‍ട്ട് വലിച്ചുകീറിയ ഡിഎംകെ എംഎല്‍എമാര്‍ തന്നെ അപമാനിച്ചെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു.

  • എം.എല്‍.എമാരെ തടവിലാക്കി വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍
  •     എം.എല്‍.എമാര്‍ ജനവികാരം മാനിക്കണമെന്ന് ഒ.പനീര്‍ശെല്‍വം.
  •     രഹസ്യവോട്ടെടുപ്പ് നടത്തണമെന്ന് ഒ.പി.എസും സ്റ്റാലിനും
  •     ഏത് രീതിയില്‍ വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് തന്റെ പ്രത്യേക അധികാരമാണെന്ന് സ്പീക്കര്‍- ആവശ്യം തള്ളി
  •     എംഎല്‍എമാരെ വിട്ടയച്ചതിന് ശേഷം വിശ്വാസവോട്ട് മതിയെന്ന് എം.കെ.സ്റ്റാലിന്‍
        വിശ്വാസവോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന ഡിഎംകെയുടെ ആവശ്യം സ്പീക്കര്‍ തള്ളി
  •     രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കര്‍ക്കു നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞു
  •     സ്പീക്കറുടെ മൈക്ക് തകര്‍ത്തു
  •     ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here