തിരുവനന്തപുരം:രാജ്യാന്തര വിമാനത്താവളത്തിലെ യൂസേഴ്‌സ് ഡവലപ്‌മെന്റ് ഫീസ് (യുഡിഎഫ്) നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൊള്ള. തിരുവനന്തപുരത്തു നിന്നുള്ള ആഭ്യന്തരയാത്രകള്‍ക്ക് 531 രൂപ ഇനിമുതല്‍ യുഡിഎഫ് ആയി അധികം നല്‍കേണ്ടിവരും. രാജ്യാന്തര യാത്രകള്‍ക്കുള്ള ഫീസ് നിരക്ക് 575 രൂപയില്‍ നിന്ന് 1121 രൂപയായും ഉയര്‍ത്തി. ഡല്‍ഹി രാജ്യാന്തരവിമാനത്താവളത്തിലുള്ളതിനെക്കാള്‍ കൂടിയ നിരക്കാണ് ഇവിടെ ഏര്‍പ്പെടുത്തിയത്.

എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെതാണു തീരുമാനം. ആഭ്യന്തര ടെര്‍മിനലില്‍ പുതുതായി യൂസര്‍ ഫീസ് ഏര്‍പ്പെടുത്തിയ അതോറിറ്റി രാജ്യാന്തര ടെര്‍മിനലിലെ യൂസര്‍ ഫീസ് നിരക്ക് ഇരട്ടിയിലേറെയാണു വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒന്നുമുതലാണു നിരക്കുവര്‍ധന പ്രാബല്യത്തില്‍ വന്നത്. യുഡിഎഫ് കൂട്ടിയതോടെ, വിമാനയാത്രാനിരക്കുകളും ആനുപാതികമായി ഉയരും. യാത്രാനിരക്കിനൊപ്പം യുഡിഎഫ് കൂടി ചേര്‍ത്താണു ടിക്കറ്റ് വില നിശ്ചയിക്കുന്നത്.

അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള നിരക്കുവര്‍ധനയാണ് അതോറിറ്റി പ്രഖ്യാപിച്ചത്. രാജ്യാന്തര യാത്രക്കാര്‍ക്കുള്ള നിരക്ക് 575 രൂപയില്‍ നിന്ന് 950 രൂപയായി ഉയരുമെന്നായിരുന്നു അതോറിറ്റിയുടെ അറിയിപ്പ്. എന്നാല്‍, ഇത് 1121 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. ഓരോ വര്‍ഷവും നിരക്ക് പുതുക്കും.
ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാര്‍ 578 രൂപയാണു യുഡിഎഫ് ആയി നല്‍കേണ്ടത്. രാജ്യാന്തര യാത്രക്കാര്‍ 1056 രൂപയും. ഡല്‍ഹിയിലേതിനെക്കാള്‍ സ്ഥലവും സൗകര്യവും കുറഞ്ഞ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത്രയും ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമല്ല. അതോറിറ്റിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിച്ച ശേഷമാണു നിരക്കുകള്‍ പുതുക്കിയത്. വിമാനക്കമ്പനികള്‍ക്കും യാത്രക്കാരുടെ അംഗീകൃത സംഘടനകള്‍ക്കുമായി ഡല്‍ഹിയില്‍ ഹിയറിങ്ങും നടത്തിയിരുന്നു. അഞ്ചുവര്‍ഷം കൂടുമ്പോഴാണു നിരക്കുവര്‍ധന നടപ്പാക്കുന്നത്. കഴിഞ്ഞ തവണ തിരുവനന്തപുരത്തെ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല.
അതേസമയം, കേരളത്തില്‍ നിന്നു യാത്ര ചെയ്യുന്നവരില്‍ യൂസര്‍ ഡവലപ്‌മെന്റ് ഫീസ് നല്‍കേണ്ടിവരുന്നതു തിരുവനന്തപുരത്തു നിന്നുള്ള യാത്രക്കാര്‍ മാത്രമാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള കോഴിക്കോട് വിമാനത്താവളത്തില്‍ ഇതുവരെ യൂസര്‍ ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. സ്വകാര്യപങ്കാളിത്തത്തോടെയുള്ള നെടുമ്പാശേരി വിമാനത്താവളത്തിലും യൂസര്‍ ഫീസ് ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here