പാലക്കാട്: ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥിയുടെ മരണത്തോടെ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനം നെഹ്‌റു ഗ്രൂപ്പിനുവേണ്ടി കോണ്‍ഗ്രസ് നേതാവിന്റെ അനധികൃത ഇടപെടല്‍. ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ കൃഷ്ണദാസിനും ഏറെ നിര്‍ണായകമായ ഷഹീര്‍ ഷൗക്കത്തലി കേസില്‍ ജാമ്യം ലഭിക്കാനാണ് കെ.സുധാകരന്‍ അനധികൃതമായി ഇടപെട്ടത്. കേസില്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നിര്‍ണായകമായ നീക്കങ്ങളുമായി നെഹ്‌റു ഗ്രൂപ്പ് രംഗത്തെത്തുന്നത്. കേസ് പിന്‍വലിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇന്നലെ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ച. ജിഷ്ണുകേസില്‍ ആരോപണ വിധേയനായി മാത്രം അവശേഷിച്ചിരുന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കുരുക്കിലാകുന്നത്. പരാതി നല്‍കിയ വൈരാഗ്യത്തിന് ജിഷ്ണുവിനെ കോളേജ് ചെയര്‍മാന്‍ മര്‍ദ്ദിച്ചെന്ന വാദം വിശ്വസിക്കാനാകില്ലെന്ന് കോടതി അടക്കം പറയുമ്പോഴായിരുന്നു ഷഹീര്‍ ഷൗക്കത്തലി സമാന രീതിയിലുള്ള ആരോപണവുമായി രംഗത്തെത്തുന്നത്.
ഇതേത്തുടര്‍ന്നാണ് നെഹ്‌റു ഗ്രൂപ് ചെയര്‍മാനായിരുന്ന പി. കൃഷ്ണദാസിന്റെ അറസ്റ്റ്. ഈ സമയം മുതല്‍ പരാതി പിന്‍വലിക്കാന്‍ നടത്തുന്ന വലിയ സമ്മര്‍ദ്ദങ്ങളുടെ തുടര്‍ച്ചയാണ് കെ സുധാകരന്റെ നേതൃത്വത്തിലെ ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍. ഈ ആവശ്യമുന്നയിച്ച് നിരവധി തവണ സുധാകരന്‍ ഈ കുടുംബത്തെ സമീപിച്ചിട്ടുണ്ട്. ഒത്തു തീര്‍പ്പ് ശ്രമങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ജീഷ്ണുവിന്റെ കുടുംബവും, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും സുധാകരനോട് ആവശ്യപ്പെട്ടിരുന്നെന്നാണ് വിവരം. എന്നിട്ടും ശ്രമങ്ങള്‍ തുടര്‍ന്നതിന് പിന്നില്‍ തന്റെ നീതി ബോധമെന്നായിരുന്നു സുധാകരന്റെ വിശദീകരണം.
നിലവില്‍ ജിഷ്ണു കേസില്‍ നെഹ്‌റു ഗ്രൂപ്പ് മേധാവികള്‍ക്കെതിരെ കാര്യമായ തെളിവുകളില്ലാതിരിക്കുന്ന സാഹചര്യത്തില്‍, ഷഹീര്‍ ഷൗക്കത്തലി കേസുമായി മുന്നോട്ടു പോകുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് നെഹ്‌റുഗ്രൂപ്പ് അധികൃതരുടെ നീക്കം. കോളേജിലെ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ പരാതി നല്‍കിയതിന് പാമ്പാടി നെഹ്‌റു കോളേജിലെ ഇടിമുറിയിലെത്തിച്ച് ഷഹീറിനെ മര്‍ദിച്ചുവെന്നാണ് കേസ്. ജിഷ്ണു കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം. പി കൃഷ്ണദാസും നെഹ്‌റു ഗ്രൂപ്പ് പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനുമുള്‍പ്പെടെ കേസില്‍ 7 പ്രതികളാണുളളത്. ഇതില്‍ പി കൃഷ്ണദാസ് അടക്കം നാലു പേരെ കഴിഞ്ഞ മാര്‍ച്ച് 20ന് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here