കൊച്ചി: കനത്ത കാറ്റും മഴയും കേരളത്തെ കരയിക്കുന്നു. കനത്ത മഴയില്‍ മുങ്ങി കേരളം. കണ്ണൂര്‍ ജില്ലയില്‍ രണ്ടു പേര്‍ മരിച്ചു. പലയിടത്തും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഗതാഗത തടസ്സം. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്. ഇന്നും നാളെയും മഴ ‘നിന്നു പെയ്യാന്‍’ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടര്‍ന്നു കലക്ടര്‍മാര്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കി. അഗ്‌നിശമനസേനയോടും ദുരന്തനിവാരണ വിഭാഗത്തോടും മുന്‍കരുതലുകളെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ മേഖലയിലും നദികളുടെ തീരങ്ങളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയില്‍ രാത്രി ഗതാഗതം നിയന്ത്രിച്ചു.
കണ്ണൂരില്‍ കനത്ത മഴയില്‍ തെങ്ങു വീണ് മാട്ടൂല്‍ മടക്കരയില്‍ ഓട്ടക്കണ്ണന്‍ മുഹമ്മദ് കുഞ്ഞി (58), ക്വാറിയിലെ വെള്ളക്കെട്ട് നീക്കുന്നതിനിടെ കല്ലു വീണു പാനൂര്‍ കൊളവല്ലൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കര്‍ണാടക ജാഗിരി സ്വദേശി ക്രിസ്തുരാജ് (20) എന്നിവരാണു മരിച്ചത്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. കല്ലാര്‍കുട്ടി, മലങ്കര, പൊന്മുടി, നെയ്യാര്‍, പേപ്പാറ, വടക്കഞ്ചേരി മംഗലം ഡാമുകളുടെ ഷട്ടര്‍ തുറന്നു.
കോട്ടയത്തു കനത്ത മഴയില്‍ ഗുരുവായൂര്‍– ഇടമണ്‍ പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെ ചിങ്ങവനം പൂവന്‍തുരുത്തു മേല്‍പാലത്തിനു സമീപത്തുനിന്നു റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു. പാളത്തില്‍ വീണ പാറക്കല്ലിലും മണ്ണിലും കയറി ആടിയുലഞ്ഞ ട്രെയിന്‍ തലനാരിഴയ്ക്ക് അപകടത്തില്‍നിന്നു രക്ഷപ്പെട്ടു. രാവിലെ 10.10 നു കനത്ത മഴയില്‍ മേല്‍പാലത്തിന്റെ അരികിലെ കല്‍ക്കെട്ടിലെ പാറകളും മണ്ണും ട്രെയിനിന്റെ എന്‍ജിനിലേക്കു വീഴുകയായിരുന്നു. അപകടം ഉണ്ടായതിന്റെ 200 മീറ്റര്‍ ദൂരെ മാറ്റിയാണു ട്രെയിന്‍ നിര്‍ത്താനായത്. എന്‍ജിന്റെ പുറത്തു കല്ലു വീണു കേടുപാടുകള്‍ ഉണ്ടായതിനെ തുടര്‍ന്നു ചിങ്ങവനം സ്റ്റേഷനിലെത്തിച്ചു തകരാര്‍ ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണു യാത്ര തുടര്‍ന്നത്. കോട്ടയം –ചങ്ങനാശേരി റൂട്ടില്‍ രണ്ടു മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നാലു ട്രെയിനുകള്‍ കോട്ടയം–ചിങ്ങവനം സ്റ്റേഷനുകള്‍ക്കിടയില്‍ പിടിച്ചിട്ടു. 12.10 നു ട്രാക്ക് പൂര്‍വസ്ഥിതിയിലാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here