ഗാന്ധിനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സോമനാഥ് ക്ഷേത്രദര്‍ശനം സംബന്ധിച്ച ബിജെപി വ്യാജപ്രചരണം പൊളിച്ചടുക്കി ക്ഷേത്രം സെക്രട്ടറി. രാഹുല്‍ ഗാന്ധിയുടെ പേരും ഒപ്പും ക്ഷേത്രത്തിലെ സന്ദര്‍ശകര്‍ക്കുള്ള രജിസ്റ്ററില്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അമ്പലം ട്രസ്റ്റ് സെക്രട്ടറി പികെ ലാഹരി പറഞ്ഞു. ക്ഷേത്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരുടെ കയ്യില്‍ അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്റര്‍ ഉണ്ട്.

എന്നാല്‍, രാഹുല്‍ ഗാന്ധി ഈ രജിസ്റ്ററില്‍ ഒപ്പുവച്ചിട്ടില്ലെന്നും ലാഹരി പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മീഡിയ കോഓര്‍ഡിനേറ്റര്‍ മനോജ് ത്യാഗിയായിരിക്കാം രാഹുലിന്റെ പേര് അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവുകയെന്നും ലാഹരി വ്യക്തമാക്കി.

ക്ഷേത്രസന്ദര്‍ശനം നടത്തിയ രാഹുല്‍ അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തിയെന്നാണ് ബിജെപി പ്രചരണം. രജിസ്റ്ററില്‍ രാഹുലിന്റെയും മുതിര്‍ന്ന നേതാവ് അഹ്മദ് പട്ടേലിന്റെയും പേര് എഴുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

രാഹുല്‍ ഭക്തനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും യഥാര്‍ഥ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ലിസ്റ്റില്‍ രാഹുലിന്റെ പേര് ബിജെപി കൂട്ടിച്ചേര്‍ത്തതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here