തിരുവനന്തപുരം∙ ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്ന പച്ചക്കറികൾ പരിശോധിക്കാനുള്ള സർക്കാർ സംവിധാനങ്ങൾ അപര്യാപ്തം. ഓണക്കാലത്ത് കേരളത്തിലേക്കെത്തുന്നത് 24,000 മെ‌ട്രിക് ടൺ പച്ചക്കറി. പരിശോധനയ്ക്കായി ഉള്ളത് 63 ഉദ്യോഗസ്ഥർ മാത്രം. പരിശോധനാ ലാബുകളിലാകട്ടെ ആവശ്യത്തിന് സംവിധാനവുമില്ല.

കേരളത്തിൽ പ്രതിദിനം 3000 ടൺ പച്ചക്കറി അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. ഓണക്കാലത്ത് ഇത് 5000 ടണ്ണായി ഉയരും. ഇതിൽ 20 ‌ടണ്‍ പച്ചക്കറി മാത്രമാണ് സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പ് സംഭരിച്ച് വിതരണം ചെയ്യുന്നത്.

ഓണം സീസണിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചക്കറികൾ അതിർത്തിയിൽ തന്നെ പരിശോധിക്കുമെന്നും ഇതിനായി ലാബുകൾ സജ്ജമാക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ, വേണ്ടത്ര സംവിധാനങ്ങൾ ഒരുക്കാനായിട്ടില്ല. സംവിധാനങ്ങളില്ലാത്തതും ഉദ്യോഗസ്ഥരു‌െട കുറവും പരിശോധന കാര്യക്ഷമമായി നടത്താൻ തടസം സൃ‌ഷ്ടിക്കുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ദിവസേന നിരവധി പച്ചക്കറി ലോഡുകൾ അതിർത്തി കടന്നെത്തുന്നതിനാൽ അതിർത്തിയിൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നതിലെ ബുദ്ധിമുട്ടും അവർ അറിയിച്ചിട്ടുണ്ട്.

തെക്കൻ കേരളത്തിലേക്ക് പച്ചക്കറികൾ എത്തുന്ന പ്രധാന ചെക്ക് പോസ്റ്റായ കളിയിക്കാവിളയിൽ പരിശോധനാ സംവിധാനമില്ലാത്തതിനാൽ തിരുവനന്തപുരത്തെ അനലറ്റിക്കൽ ലബോറട്ടറിെലത്തിച്ചാണ് പച്ചക്കറികൾ പരിശോധിക്കുന്നത്. ഇതിനായി കിലോമീറ്ററുകൾ സഞ്ചരിക്കണം. ആലപ്പുഴ വരെയുള്ള ജില്ലകളിലെ പച്ചക്കറികൾ പരിശോധിക്കുന്നതും തിരുവനന്തപുരത്തെ ലബോറട്ടറിയാണ്. പിന്നെ ലബോറട്ടറിയുള്ളത് കൊച്ചിയിലും കോഴിക്കോടുമാണ്. ഈ ലബോറട്ടറികൾക്കും ഒന്നിലേറെ ജില്ലകളിലെ പച്ചക്കറികൾ പരിശോധിക്കേണ്ടിവരുന്നു. ലബോറട്ടികളിലാകട്ടെ ആവശ്യത്തിന് സംവിധാനവുമില്ല.

ഉദ്യോഗസ്ഥരുടെ കുറവ് ഒരു വലിയ പ്രശ്നം തന്നെയാണ്. എങ്കിലും ഓണക്കാലമായതിനാൽ നിലവിലെ സംവിധാനങ്ങളുപയോഗിച്ച് ശക്തമായ പരിശോധനയുമായി മുന്നോട്ടുപോകാനാണ് തീരുമാനം- ഭക്ഷ്യസുരക്ഷാവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തതാണ് പ്രധാന പ്രശ്നമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനമെടുത്തിട്ട് വർഷങ്ങളായി. അൻപതിലേറെ പേരടങ്ങുന്നവരുടെ പട്ടികയും പിഎസ് സി തയ്യാറാക്കി. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണമായി പറഞ്ഞ് നിയമനങ്ങൾ നീളുകയാണ്. ഓണക്കാലം മുന്നിൽകണ്ട് ആഭ്യന്തര ഉൽപ്പാദനം 11,500 മെട്രിക് ടണ്ണായി ഉയർത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here