Keith-Vaz.jpg.image.784.410

 

ലണ്ടൻ∙ വിഖ്യാതമായ കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരിച്ചു നൽകണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എംപി കീത്ത് വാസ് രംഗത്ത്. നവംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടൻ സന്ദർശിക്കാനെത്തുമ്പോൾ കോഹിനൂർ രത്നം തിരികെ നൽകണമെന്നാണ് ഏറെക്കാലമായി ബ്രിട്ടനിലെ എംപിയും ഏഷ്യൻ വംശജനുമായ കീത്ത് വാസ് ആവശ്യപ്പെട്ടത്.

ഇന്ത്യയിലെ ബ്രിട്ടിഷ് കോളനിവാഴ്ചയ്ക്കെതിരെ ശശി തരൂർ എംപി ലണ്ടനിൽ നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഏറെക്കാലമായി ഇന്ത്യ ആവശ്യപ്പെട്ടുവരുന്ന കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് മടക്കി നൽകണമെന്ന ആവശ്യമുയർത്തി ബ്രിട്ടീഷ് എംപി തന്നെ രംഗത്തെത്തിയിരിക്കുന്നത്. കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകർത്തതിനു ബ്രിട്ടൻ പ്രായശ്ചിത്തം ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ള എംപിയുടെ പ്രസംഗമാണ് ഫെയ്സ്ബുക്കിലും യൂട്യൂബിലും വൈറലായത്.

ശശി തരൂരിന്റെ പ്രസംഗത്തെയും അതിനോടുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെയും ഞാൻ സ്വാഗതം ചെയ്യുന്നു. എനിക്കും ഇക്കാര്യത്തിൽ ഇതേ കാഴ്ചപ്പാടു തന്നെയാണുള്ളത്. അദേഹം ഉയർത്തിയ ആവശ്യങ്ങളൊക്കെയും പരിഗണിക്കപ്പെടേണ്ട ന്യായമായ ആവശ്യങ്ങളാണ് – കീത്ത് പ്രസ്താവനയിൽ പറഞ്ഞു. പണമായി നഷ്ടപരിഹാരം നൽകണമെന്നു പറയുന്നത് പ്രായോഗികമായ കാര്യമല്ല. ഇത് സമയമെടുക്കുന്നതും നിഷ്ഫലവുമായ കാര്യമാണ്. എന്നാൽ, ഇന്ത്യയിൽനിന്ന് കൊണ്ടുവന്നിട്ടുള്ള കോഹിനൂർ രത്‌നം പോലെ വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ നൽകാത്തത് അംഗീകരിക്കാവുന്നതല്ല. താനും വർഷങ്ങളായി ഇതിനായി വാദമുയർത്തി വരികയായിരുന്നുവെന്നും കീത്ത് വാസ് ചൂണ്ടിക്കാട്ടി.

മോദി നവംബറിൽ ബ്രിട്ടൻ സന്ദർശിക്കുമ്പോൾ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. ബ്രിട്ടീഷ് സന്ദർശനത്തിന് ശേഷം കോഹിനൂർ രത്‌നവുമായി മോദി തിരിച്ചു പോകുന്ന രംഗം എത്ര മനോഹരമായിരിക്കുമെന്നും കീത്ത് വാസ് ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here