gold-store.jpg.image.784.410

 

കൊച്ചി∙ പൊൻതിളക്കത്തിനുമേൽ കരിനിഴൽ വീഴ്ത്തി സ്വർണത്തിന്റെ വിലയിടിവ് തുടരുന്നു. സുരക്ഷിതമായ ഒരു നിക്ഷേപമായി കണക്കാക്കിയിരുന്ന സ്വർണത്തിന്റെ വിലയിലുണ്ടാകുന്ന കുത്തനെയുള്ള ഇടിവ് നിക്ഷേപകരെയും ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ അഞ്ചുദിവസങ്ങളായി 19,000 എന്ന നിരക്കിൽ തുടർന്നതിനു പിന്നാലെ ഏറെ നാളുകൾക്ക് ശേഷം സ്വർണവില 19,000ന് താഴേക്ക് കൂപ്പുകുത്തി. പവന്റെ വില ഇന്ന് 120 രൂപ കുറഞ്ഞ് 18,880 ആയി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2360 രൂപയായി.

2012 സെപ്റ്റംബറിൽ പവന് 24,160 രൂപയിലെത്തി റെക്കോർഡിട്ട സ്വർണനിരക്കാണ് കുത്തനെ ഇടിഞ്ഞ് ഈ അവസ്ഥയിലെത്തിയിരിക്കുന്നത്. മൂന്നു വർഷങ്ങൾക്കു മുൻപ് 24,000 രൂപ നിരക്കിൽ സ്വർണം വാങ്ങി സൂക്ഷിച്ചവർക്ക് പവനൊന്നിന് പണിക്കൂലി ഉൾപ്പെടെ ആറായിരത്തോളം രൂപയുടെ കനത്ത നഷ്ടമാണുണ്ടായത്. അഞ്ചു ദിവസത്തെ താൽക്കാലികാശ്വാസത്തിന് ശേഷം വില വീണ്ടും ഇടിയാനാരംഭിച്ചത് നിക്ഷേപകരെയും ആശങ്കയിലാഴ്ത്തുകയാണ്. കൈയിലുള്ള സ്വർണം വിറ്റഴിക്കണോ അതോ വിലക്കുറവിന്റെ ആനുകൂല്യം മുതലെടുത്ത് കൂടുതൽ നിക്ഷേപം നടത്തണോയെന്നതാണ് ഇപ്പോൾ നിക്ഷേപകരുടെ ചിന്ത. എന്നാൽ, സമീപകാലത്തൊന്നും വില തിരിച്ചു കയറാനിടയില്ലെന്ന പ്രവചനമാണ് ഇവരെ പിന്നോട്ടടിക്കുന്നത്.

മനസ് കീഴടക്കിയ സുവർണ പ്രഭ

സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരിഞ്ഞിരുന്ന നിക്ഷേപകർക്ക് വലിയൊരളവ് വരെ ആശ്വാസമായത് തിളങ്ങിനിന്ന സ്വർണവും സ്വർണവിലയുമായിരുന്നു. ഇക്കാലയളവിൽ ഏറ്റവുമധികം നിക്ഷേപം നടന്നിട്ടുള്ളത് സ്വര്‍ണത്തിലാണെന്നത് തന്നെ ഇതിന് അടിവരയിടുന്നുണ്ട്. എന്തായിരിക്കും സ്വർണ നിക്ഷേപത്തിലേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകം? മറ്റു നിക്ഷേപങ്ങളെല്ലാം ലാഭത്തോടെ തിരിച്ചു കിട്ടുന്നതിന് കാലാവധിയുടെ തടസമുള്ളപ്പോൾ ‌വളരെ വേഗം കൈമാറ്റം ചെയ്യാം എന്നതാണ് സ്വര്‍ണത്തെ നിക്ഷേപകർക്കിടയിൽ താരമാക്കുന്നത്.

സ്വർണവിലയിടിവിന് കാരണമെന്ത്?

ഡോളർ ശക്തിപ്രാപിക്കുന്നതാണ് പ്രധാനമായും സ്വർണത്തിന്റെ ആവശ്യകതയും ഒപ്പം വിലയും കുറച്ചത്. ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന വിപണിയുടെ ആശങ്കയും വിലയിടിവിന് കാരണമാകുന്നുണ്ട്. ഇതിനെത്തുടർന്ന് ചൈനയിലെ നിക്ഷേപകര്‍ വ്യാപകമായി സ്വർണം വിറ്റഴിച്ചതോടെ വില കുത്തനെ ഇടിയുകയായിരുന്നു. ഇവയെല്ലാം ഉൾപ്പെടെ സ്വർണത്തിന്റെ വിലയിടിവ് തുടരുന്നതിന്റെ കാരണങ്ങൾ പലതാണ്.

∙ ലഭ്യത കൂടി

ആഗോള ഉൽപാദനം പ്രതിവർഷം 3200 ടണ്ണായി ഉയർന്നു. പ്രമുഖ ഖനന കമ്പനികൾ വായ്പാ ഭാരം താങ്ങാനാവാതെ, ഉൽപാദനം കൂട്ടാൻ നിർബന്ധിതരായി. 2005–2008 ലെ 200 കോടി ഡോളറിൽനിന്ന് ബാധ്യത 3500 കോടി ഡോളറിലെത്തിയത്രെ. വില ഔൺസിന് 1900 ഡോളർ വരെ ഉയർന്നപ്പോൾ, ധാരാളം ചെറുകിട ഖനികളും രംഗത്തെത്തി.

∙ ആവശ്യം കൂടിയില്ല

ഏഷ്യൻ രാജ്യങ്ങളിൽ ആവശ്യം കുറഞ്ഞു. ചൈന (27%), ഇന്ത്യ (24%), തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ (9%) എന്ന തോതിലാണ് ആവശ്യം. ഇന്ത്യയുടെയും ചൈനയുടെയും ആവശ്യം പ്രതിവർഷം ഏകദേശം 900–1000 ടൺ വീതം. ഇന്ത്യയിൽ, കാർഷികോൽപന്നങ്ങളുടെ വിലയിടിവ് ഗ്രാമീണ മേഖലയിൽ സ്വർണത്തിന്റെ ആവശ്യം കുറയ്ക്കുന്നു. മഴക്കുറവും പ്രതികൂല ഘടകം.

∙ അമേരിക്കൻ കരുത്ത്

ഡോളറിന്റെ മൂല്യം കൂടി. യുഎസ് പലിശനിരക്ക് ഉടനെ ഉയർത്തിയേക്കും. സ്വർണത്തിന്റെ നിക്ഷേപാവശ്യത്തെ ഇതു പ്രതികൂലമായി ബാധിക്കുന്നു. ഡോളർ അടിസ്ഥാനത്തിലാണ് സ്വർണത്തിന്റെ വില നിർണയം. സ്വർണം അടിസ്ഥാനമായ പ്രമുഖ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിആർ ഗോൾഡ് ട്രസ്റ്റിലെ നിക്ഷേപം 684.6 ടണ്ണിലേക്ക് കുത്തനെ താണു.

∙ ആഗോള പണപ്പെരുപ്പം കുറയുന്നു

ലോഹങ്ങളുടെയും മറ്റ് ഉൽപന്നങ്ങളുടെയും വില താഴ്ന്ന നിരക്കിൽ. ഇന്ത്യയിൽ പണപ്പെരുപ്പം 13% വരെ ഉയർന്ന അവസരത്തിൽ സ്വർണത്തിന്റെ ഇറക്കുമതി ഏറ്റവും ഉയർന്ന തോതിലായിരുന്നു. താരതമ്യേന ഉയർന്ന പലിശനിരക്ക് ബാങ്കുകളിലേയും മറ്റും നിക്ഷേപം ആകർഷകമാക്കി. കഴിഞ്ഞ രണ്ടര വർഷമായി സ്വർണം വാങ്ങി സൂക്ഷിച്ചവർക്ക് നഷ്ടം 24% വരെ.

∙ ഉയർന്ന ഇറക്കുമതിത്തീരുവ

ഇന്ത്യയിൽ തീരുവ 10%. ഉയർന്ന തീരുവയും നിയന്ത്രണങ്ങളും ഇറക്കുമതി കുറയ്ക്കുന്നു. കള്ളക്കടത്ത് വർധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here