ജോലിയെക്കാള്‍ നൈറ്റ്ക്ലബ്ബുകള്‍ മേന്മയായോ? കാഷ് പട്ടേലിനെതിരെ വിമര്‍ശനം

വാഷിംഗ്ടണ്‍ : ഇന്ത്യന്‍ വംശജനായ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെതിരെ ജോലിയില്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് കടുത്ത വിമര്‍ശനം ഉയരുന്നു. ഔദ്യോഗിക ഉത്തരവാദിത്വങ്ങളേക്കാള്‍ കൂടുതല്‍ സമയം അദ്ദേഹം നൈറ്റ്ക്ലബ്ബുകളില്‍ ചെലവഴിക്കുന്നതായി മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥന് ആരോപിച്ചു. ഹൂവര്‍ കെട്ടിടത്തിലെ എഫ്ബിഐ ഓഫീസ് മാത്രം നേരിടേണ്ട സമയത്ത് പലപ്പോഴും പട്ടേലിനെ ക്ലബ്ബുകളില്‍ കാണാനായെന്നും, ദിവസേന നടത്തേണ്ട അന്വേഷണ ബ്രീഫിംഗുകള്‍ ആഴ്ചയില്‍ രണ്ടുതവണയായി ചുരുക്കിയിട്ടുണ്ടെന്നുമാണ് ആരോപണം. ജോലി സംബന്ധിച്ച പരിചയക്കുറവ് കാരണം കാഷ് പട്ടേല്‍ കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും ഇത് ഏജന്‍സിയുടെ പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമാണ് വിമര്‍ശനം. ഏജന്റുമാര്‍ നേരിട്ടുള്ള മേല്‍നോട്ടമില്ലാതെ സ്വന്തം രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടി വരുന്ന സാഹചര്യവും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം രാജ്യത്തെ തോക്ക് നിയമങ്ങള്‍ നടപ്പാക്കുന്ന ഫെഡറല്‍ ഏജന്‍സിയിലെ ആക്ടിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്ന് പട്ടേലിനെ മാറ്റിയിരുന്നു. സര്‍ക്കാര്‍ വിമാനങ്ങള്‍ സ്വകാര്യ യാത്രകള്‍ക്കായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റ് പാര്‍ട്ടി സെനറ്റര്‍മാര്‍ അദ്ദേഹത്തിന് എതിരെ ഔദ്യോഗിക അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.