ഫിലഡൽഫിയ: ഉത്തരവാദ മാധ്യമപ്രവർത്തനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശമുയർത്തി, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ), ഫിലഡൽഫിയ ചാപ്റ്ററിന്റെ, 2026–2028 പ്രവർത്തനവർഷങ്ങളുടെ, ഉദ്ഘാടനം പ്രൗഢമായി നടന്നു. മാധ്യമ–സാമൂഹിക–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് പ്രവർത്തനോദ്ഘാടനം ഗംഭീരമായി. “ജീർണ്ണതയ്ക്കും മൂല്യച്യുതിക്കും എതിരായ ജേർണലിസത്തിന്റെ ജനുസ്സിലാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാനം” എന്ന ആശയം സമ്മേളനത്തിന്റെ സന്ദേശമായി ഉയർന്നു. വാർത്തകളുടെ വേഗത്തിനും മത്സരത്തിനും അപ്പുറം, സത്യസന്ധതയും വിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്ന മാദ്ധ്യമ പ്രവർത്തനമാണ് , ഇന്നിൻ്റെ ആവശ്യം എന്ന്, പ്രഭാഷകർ ഊന്നിപ്പറഞ്ഞു.. മൗനപ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഐ.പി.സി.എൻ.എ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡൻ്റ് ലിജോ ജോർജ് അധ്യക്ഷത വഹിച്ചു. ഫിലഡൽഫിയ സിറ്റി കൗൺസിലർ ഡോ. നീന അഹമ്മദ് മുഖ്യാതിഥിയായി പ്രസംഗിച്ചു. പ്രശസ്ത വാഗ്മിയും സാഹിത്യകാരനുമായ പ്രൊഫ. കോശി തലക്കൽ വിജ്ഞാനപ്രഭാഷണം നടത്തി. ഐ.പി.സി.എൻ.എ അഡ്വൈസറി ബോർഡ് ചെയർമാനും മുൻ നാഷണൽ പ്രസിഡൻ്റുമായ സുനിൽ ട്രൈസ്റ്റാർ ദേശീയ ഐ.പി.സി.എൻ.എ യുടെ വളർച്ചയെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിച്ചു. അസൻഷൻ മാർത്തോമാ ചർച്ച് വികാരി ഫാ. ജോജി എം. മാത്യു, ഐ.പി.സി.എൻ.എ മുൻ നാഷണൽ ജനറൽ സെക്രട്ടറി വിൻസൻ്റ് ഇമ്മാനുവേൽ, ഡബ്ല്യു.എം.എഫ് പ്രസിഡന്റ് ഡോ. ആനി ലിബു, സിനിമാ കലാകാരിയും മാധ്യമപ്രവർത്തകയുമായ സുവർണ മാത്യു, ജോർജ് നടവയൽ, ജീമോൻ ജോർജ്, അരുൺ കോവാട്ട്, അലക്സ് തോമസ് (പമ്പ), ബിന്ദു ഏബ്രാഹം (പിയാനോ) എന്നിവർ ആശംസകൾ നേർന്നു. ഐ.പി.സി.എൻ.എ ഫിലഡൽഫിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് സുധ കർത്ത സ്വാഗതവും ട്രഷറർ റോജിഷ് സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. കലാകാരിയും നഴ്സ് പ്രാക്ടീഷണറുമായ സിർലി ജീവൻ മാസ്റ്റർ ഓഫ് സെറിമണിയായി സമ്മേളന നടപടികൾ ചിട്ടയോടെ ഏകോപിപ്പിച്ചു. യുവചലച്ചിത്രതാരം റേച്ചൽ ഉമ്മൻ അമേരിക്കൻ ദേശീയഗാനവും ജൈസൺ ഫിലിപ്പ് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. ഭദ്രദീപം തെളിച്ച് 2026–2028 പ്രവർത്തനങ്ങൾക്ക് തുടക്കം വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം തെളിച്ചതോടെയാണ് ഐ.പി.സി.എൻ.എ ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്. പുതിയ തലമുറയെ മാധ്യമരംഗത്തേക്ക് ആകർഷിക്കുകയും മാധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജേർണലിസം വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചാപ്റ്റർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് ലിജോ ജോർജ് അറിയിച്ചു. മാധ്യമപ്രവർത്തകരെ ഒരുമിപ്പിക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്ന പ്രവർത്തനങ്ങൾക്കും ഫിലഡൽഫിയ ചാപ്റ്റർ മുൻഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ...